നികുതിവെട്ടിപ്പ് സമ്മതിച്ച് മേയര്‍' വാര്‍ത്ത വ്യാജമെന്ന് ആര്യ രാജേന്ദ്രന്‍; മാധ്യമങ്ങളും രാഷ്ട്രീയഎതിരാളികളും നടത്തുന്ന പ്രചരണം സത്യവിരുദ്ധം

നഗരസഭയില്‍ ജനങ്ങള്‍ ഒടുക്കിയ വീട്ടുകരം നഷ്ടപ്പെട്ടന്ന തരത്തില്‍ ചില മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന പ്രചരണം സത്യവിരുദ്ധമാണെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച് പത്രസമ്മേളനം വിളിച്ചു തന്നെ എല്ലാ മാധ്യമങ്ങളോടും വിശദീകരിച്ചിരുന്നു. ഇന്നലെ നടന്ന നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യത്തില്‍ നഗരസഭയെടുത്ത മുഴുവന്‍ നടപടികളും പ്രതിപാദിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ഒടുക്കിയ നികുതി നഗരസഭാ കണക്കുകളില്‍ രേഖപ്പെടുത്താത്തതായ പ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ വരവ് വന്ന തുക സെക്രട്ടറിയുടെ പേരിലുള്ള നഗരസഭാ അക്കൗണ്ടില്‍ ഒടുക്കുന്നതിന് ചുമതലപ്പെട്ടവര്‍ വീഴ്ചവരുത്തി എന്ന പ്രശ്‌നമാണ് നിലവിലുള്ളതെന്ന് മേയര്‍ വ്യക്തമാക്കി.

2021 ജൂലൈ 6ന് ശ്രീകാര്യത്ത് പണാപഹരണം ശ്രദ്ധയില്‍പ്പെട്ട അന്നുതന്നെ വീഴ്ചവരുത്തിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു എന്ന് മാത്രമല്ല ആ വിവരം അന്ന് തന്നെ പത്രമാധ്യമങ്ങളെ വാര്‍ത്താകുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. നേമം സോണലിലും, ആറ്റിപ്ര സോണലിലും പണാപഹരണം നടന്നതായി 2021 സെപ്റ്റംബര്‍ 22ന് റിപ്പോര്‍ട്ട് ലഭിക്കുകയും, അന്നുതന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയവരുടെ പേരില്‍ നടപടി എടുക്കുകയും, ആ വിവരവും പത്രക്കുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

നഗരസഭ തന്നെ അന്വേഷണം നടത്തുകയും, കുറ്റക്കാരുടെ പേരില്‍ നടപടിയെടുക്കുകയും ചെയ്ത നിലവിലെ സംഭവവികാസങ്ങള്‍ മാധ്യമങ്ങള്‍ അറിഞ്ഞത് നഗരസഭ പത്രക്കുറിപ്പിലൂടെ ആണെന്നിരിക്കെ 'നികുതിവെട്ടിപ്പ് സമ്മതിച്ച് മേയര്‍' എന്ന രീതിയില്‍ ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നഗരസഭയില്‍ പണാപഹരണം നടന്നുവെന്ന് 06.07.2021ന് തന്നെ മാധ്യമങ്ങളെ അറിയിച്ചത് നഗരസഭാ വാര്‍ത്താകുറിപ്പിലൂടെ ആണെന്നിരിക്കെ ഇപ്പോള്‍ പുതുതായി മേയര്‍ ഇക്കാര്യം സമ്മതിച്ചു എന്ന തരത്തിലെ വാര്‍ത്ത തെറ്റിദ്ധാരണ പരത്താനാണ്. നഗരസഭയില്‍ നികുതി കൃത്യമായി ഒടുക്കിയ ഒരാളും വീണ്ടും അത്തരം നികുതി ഒടുക്കേണ്ട സാഹചര്യം നിലവിലില്ല. പണം അക്കൗണ്ടില്‍ ഒടുക്കാത്തതിന് ചുമതലപ്പെട്ടവരുടെ പേരില്‍ കര്‍ശന പൊലീസ് നടപടി ഉള്‍പ്പെടെ സ്വീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ടെന്നും മേയര്‍ അറിയിച്ചു.

Post a Comment

أحدث أقدم