ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യം നിലനില്‍ക്കെ ജലനിരപ്പ് 2397 അടിയിലേക്ക്. ഇതോടെ ഡാമില്‍ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398 അടിയിലേക്ക് എത്തുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കി അണക്കെട്ടില്‍ ബ്ല്രൂ അലേര്‍ട്ട് നിലവിലുണ്ടായിരുന്നു.
ഇടുക്കിയില്‍ മഴകാര്യമായിട്ടില്ലെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ടാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നത്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ആദ്യ സൂചനകള്‍ നല്‍കിയത്. ജലനിരപ്പ് 2397 അടിയിലേക്ക് എത്തുകയാണെന്നും ഡാമിലെ നീരൊഴുക്കും വര്‍ധിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായിരുന്നു ജില്ല ഭരണകൂടത്തിന്റെ നിലപാട്.
അതിനിടെ പത്തനംതിട്ടയിലെ കക്കി ആനത്തോട് റിസര്‍വോയര്‍ ഇന്ന് 11 മണിക്ക് തുറക്കും. നാല് ഷട്ടറുകളില്‍ രണ്ട് ഷട്ടറുകള്‍ മാത്രമായിരിക്കും ഇന്ന് തുറക്കുക. വെള്ളം തുറന്ന് വിടുന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ഉയരും. വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. പമ്പ അണക്കെട്ടിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അച്ചന്‍കോവില്‍, പമ്പ, എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ മഴ നിര്‍ത്താതെ തുടരുകയും ഡാമിലെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്.
إرسال تعليق