പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്റെ കണ്ടുപിടുത്തം ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന പ്രതീക്ഷയിലാണ് യുവാവ്
ഗുവാഹത്തി: നാല് പേർക്ക് ഇരുന്ന് പോകാൻ (Scooter that can be ridden by four persons)സാധിക്കുന്ന ബൈക്ക്(two wheeler), കേൾക്കുമ്പോൾ ഇതിലെന്താണ് അത്ഭുതമെന്ന് തോന്നാം. ഇന്ത്യയിൽ രണ്ട് പേർ ഇരുന്ന് പോകുന്ന ബൈക്കിൽ മൂന്നും നാലും പേർ ഇരുന്ന് യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ച കൂടിയാകുമ്പോൾ.
എന്നാൽ, ശരിക്കും നാല് പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് അവതരിപ്പിച്ചിരിക്കുകയാണ് അസം (Assam) സ്വദേശിയായ ഒരു മെക്കാനിക്ക്. അസമിലെ ദിംഗ് എന്ന സ്ഥലത്തുള്ള എഡി ഓട്ടോമൊബൈൽ ഉടമയാണ് അതുൽ ദാസ്. ഇദ്ദേഹമാണ് വെറൈറ്റിയായി മുതിർന്ന നാല് പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
വളരെ സിംപിളായാണ് അതുൽ ദാസിന്റെ ബൈക്ക് നിർമാണം. പഴയ രണ്ട് ബൈക്കുകൾ ചേർത്തു വെച്ചാണ് ഇദ്ദേഹം ഒരു ബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ രണ്ട് സ്കൂട്ടർ ചേർത്ത് ബൈക്ക് ഉണ്ടാക്കുകയായിരുന്നു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ ആശയത്തിന് പിന്നിലെന്ന് ദാസ് പറയുന്നു.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ തന്റെ കണ്ടുപിടുത്തം ആർക്കെങ്കിലും ഉപകാരപ്പെടുമെന്നാണ് ദാസിന്റെ പ്രതീക്ഷ.
ഇതിനിടയിൽ, പെട്രോൾ വില ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ ബൈക്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കണമെന്നാവശ്യപ്പെട്ട് അസമിലെ ബിജെപി നേതാവ് ബബേഷ് കലീത്ത രംഗത്തെത്തിയിരുന്നു. അസമിൽ ഒരു ലിറ്റർ പെട്രോളിന് 200 രൂപയ്ക്ക് അടുത്താണ് വില.
പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ ആളുകൾ ആഢംബര കാറുകൾ ഒഴിവാക്കി ബൈക്കിൽ മൂന്ന് പേർ യാത്ര ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. റെക്കോർഡ് വിലയിലാണ് പെട്രോൾ, ഡീസൽ വിലയുള്ളത്. 35 പൈസ വീതമാണ് കൂടിയിരിക്കുന്നത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 106.89 രൂപയും ഡീസൽ വില ലിറ്ററിന് 95.62 രൂപയുമായി.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 112.78 രൂപയ്ക്ക് വാങ്ങാം. ഇവിടെ പെട്രോൾ വില 34 പൈസയാണ് കൂടിയത്. ഡീസൽ ഒരു ലിറ്ററിന് 37 പൈസ ഉയർന്ന് 103.63 രൂപയുമായി.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 31 പൈസ കൂടി 103.92 രൂപയാണ് വില. വെള്ളിയാഴ്ച ഒരു ലിറ്റർ ഡീസലിന്റെ വില 33 പൈസ ഉയർന്ന് 99.92 രൂപയായിരുന്നു.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
Post a Comment