കോട്ടയം: ‘ഉടുതുണിയല്ലാതെ കൈയില്‍ മറ്റൊന്നും ഇല്ല, 27 വര്‍ഷത്തെ പ്രയത്നമായിരുന്നു ആ വീട്’. കലിതുള്ളിയെത്തിയ മണിമലയാര്‍ കവര്‍ന്നത് തന്റെ ജീവിതത്തിലെ ആകെ സ്വരുക്കൂട്ടിയ സമ്പാദ്യമാണെന്ന് പ്രദീപ്.
മുണ്ടക്കയത്ത് കഴിഞ്ഞ ദിവസം ഇരുനിലവീട് പൂര്‍ണമായും ഒഴുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മണിമലയാറിന്റെ തീരത്തുള്ള മുണ്ടക്കയം പ്രദീപിന്റെ വീട് പൂര്‍ണമായി കുത്തിയൊലിച്ചുപോകുന്ന ദൃശ്യങ്ങളായിരുന്നു ഇതില്‍ ഏറെ ഞെട്ടലുണ്ടാക്കിയത്.
27 വര്‍ഷത്തെ പ്രയത്നമായിരുന്നു ആ വീട്. ഇപ്പോള്‍ ഉടുതുണിയല്ലാതെ തങ്ങളുടെ കൈയില്‍ മറ്റൊന്നും ഇല്ലെന്നും പ്രദീപ് പറയുന്നു. മാത്രമല്ല മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ചിരുന്ന പണം പോലും ഈ സമയം കവര്‍ന്നു. സര്‍ക്കാര്‍ കനിഞ്ഞാല്‍ മാത്രമേ ഇനി തങ്ങള്‍ക്കൊരു ജീവിതം ഉള്ളൂവെന്നും പ്രദീപ് പറയുന്നു.
സ്വകാര്യ ബസ് ഡ്രൈവറാണ് പ്രദീപ്. സംഭവം നടക്കുമ്പോള്‍ ബസില്‍ ആയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബസ് കുടുങ്ങിക്കിടക്കുകയായിരുന്നു. എന്റെ ഭാര്യയും മകളും മാത്രമേ ആ സമയത്ത് ഇവിടെ ഉണ്ടായിരുന്നുള്ളൂ.
വലിയ രീതിയില്‍ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ മകളുടെ വിവാഹാവശ്യത്തിനായി കരുതി വെച്ചിരുന്ന പൈസയും എടുത്തുകൊണ്ട് ഭാര്യയും മകളും വീട്ടില്‍ നിന്ന് ഇറങ്ങി. പുറത്ത് എത്തിയപ്പോഴാണ് വീട് പൂര്‍ണമായും വെള്ളത്തിലേക്ക് തകര്‍ന്നു വീഴുന്നത്. ഈ കാഴ്ച കണ്ട് ഭാര്യ തലകറങ്ങി വീണു. ഈസമയം പഴ്സില്‍ നിന്നും ആരോ പണം എടുത്തുകൊണ്ടുപോകുകയായിരുന്നു. ആ സമയത്ത് ഭയങ്കര ആള്‍ക്കൂട്ടമായിരുന്നു ഇവിടെ.
ഇപ്പോള്‍ ഞങ്ങള്‍ ജേഷ്ഠന്റെ വീട്ടിലാണ് താമസിക്കുന്നത്. ഉടുതുണിയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് കിട്ടിയില്ല. ബാക്കിയെല്ലാം ആറ്റിലൂടെ ഒലിച്ചുപോയി. മന്ത്രിമാരും എംഎല്‍എമാരും എല്ലാവരും വന്നിരുന്നു. ശരിയാക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സഹായിച്ചാല്‍ മാത്രമേ ഇനി ഞങ്ങള്‍ക്കൊരു ജീവിതം ഉള്ളൂ, പ്രദീപ് പറയുന്നു.
إرسال تعليق