'അഡ്വ. എ ജയശങ്കര്‍ പരനാറി, തെമ്മാടിത്തരം കേട്ട് നില്‍ക്കില്ല': പിവി അന്‍വര്‍


അഡ്വ. എ ജയശങ്കര്‍ ഉള്‍പ്പെടെ തന്നെ വിമര്‍ശിച്ച രാഷ്ട്രീയ നിരീക്ഷകരെ വ്യക്തിഅധിക്ഷേപം നടത്തി പിവി അന്‍വര്‍ എംഎല്‍എ. അഡ്വ. എ ജയശങ്കറിനെ പരനാറി എന്ന് വിളിച്ച അന്‍വര്‍, ഇവരുടെ തെമ്മാടിത്തരം കേട്ട് സഹിച്ചു നില്‍ക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കവെ പറഞ്ഞു. എല്ലാം കേട്ട് താന്‍ തലതാഴ്ത്തി നില്‍ക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.

പിവി അന്‍വറിന്റെ പ്രതികരണം-

ഇവിടെ പരനാറികളായിട്ടുള്ള ചില ചിലയാളുകളുണ്ട്. അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്ക് എന്ത് തെമ്മാടിത്തരവും പറയാം. എംഎല്‍എ ആയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാര്‍ട്ടി നേതൃപദവിയില്‍ എത്തിയാല്‍ ഇവരുടെ തെമ്മാടിത്തരം കേട്ട് സഹിച്ച് കൊള്ളണം എന്ന് ചിലയാളുകള്‍ക്ക് ഉണ്ട്. ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരം അത് ഒരു പരിധിവരേയേ ക്ഷമിക്കൂ. അതിന്റെ അപ്പുറമാവുമ്പോള്‍ അതിനനനുസരിച്ച് മറുപടി പറയാന്‍ ഞാന്‍ വ്യക്തിപരമായി ബാധ്യസ്ഥനാണ്. എംഎല്‍എ ആയത് കൊണ്ട് ലോകത്ത് ആരെ ചവിട്ടും സഹിച്ചോളണം എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെകുറിച്ച് നിങ്ങള്‍ കരുതണ്ട. അഡ്വ. ജയശങ്കറും ഷാജഹാനും ഉള്‍പ്പെടെയുള്ളവര്‍ വൈകുന്നേരം ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നുകൊണ്ട് പറയുന്നത്. അവരുടെ ബെഡ്‌റൂമിലെ കാര്യങ്ങള്‍ പോലും വിളിച്ച് പറയുന്നവര്‍ക്കെതിരെ അന്‍വര്‍ പ്രതികരിക്കും.എന്തും കേട്ട് നില്‍ക്കണം എന്ന തെറ്റിദ്ധരിക്കരുത്. നമ്മള്‍ തലതാഴ്ത്തി നടക്കും എന്ന് എന്റെ കാര്യത്തില്‍ നിങ്ങള്‍ വിചാരിക്കണ്ട. എന്റെ അറിവോടെയാണ് ഫേസ്ബുക്കിലെ എല്ലാ കമന്റും. അത് ഹാക്ക് ചെയ്യപ്പെട്ടതാണെന്നൊന്നും ഞാന്‍ പറയില്ല.

മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിക്കെതിരെ കടുത്ത അധിക്ഷേപമാണ് പിവി അന്‍വര്‍ എംഎല്‍എ നടത്തിയത്. മന്ത്രി സ്ഥാനം കിട്ടിയാല്‍ മാത്രമെ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നിന്നും തിരികെ വരികയുള്ളൂവെന്ന എസ് ജോയിയുടെ വിമര്‍ശനത്തിനെതിരെയാണ് പിവി അനവര്‍ വ്യക്താധിക്ഷേപം നടത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതിനപ്പുറവും പറയും, ചുരത്തില്‍ കാണുന്ന കുട്ടികുരങ്ങന്മാരെ പോലെയാണ് ഇവരെന്നും അന്‍വര്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു.
'നിങ്ങളും ചുരം കയറി പോകാറുണ്ടല്ലോ. മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങമ്മാരെ കാണാം. അതില്‍ കുറേ കുട്ടികുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്റെ അപ്പുറവും പറയും.' പിവി അന്‍വര്‍ പറഞ്ഞു.

ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയ പിവി അന്‍വര്‍ കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെത്തിയത്. തുടരെ നാട്ടില്‍ നിന്നും പോവുന്ന പിവി അന്‍വര്‍ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ അഞ്ച് ദിവസമാണ് അന്‍വര്‍ സഭയില്‍ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തില്‍ ഒരു ദിവസം പോലും എംഎല്‍എ വന്നില്ല. ആകെ ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്.

Post a Comment

أحدث أقدم