മുംബൈ: രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കൊള്ളയും, കൂട്ടബലാത്സംഗവും. യാത്രക്കാരെ കൊള്ളയടിച്ച സംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗത്തിനും ഇരയാക്കി.
സംഘത്തെ ചെറുക്കാന്‍ ശ്രമിച്ച ആറ് യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവം.
മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ആയുധങ്ങളുമായി എട്ടംഗ സംഘം ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ഓരോ യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ആറ് യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവര്‍ച്ചാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. ട്രെയിന്‍ കസാറ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതോടെയാണ് ക്രൂര സംഭവം പുറംലോകം അറിയുന്നത്.
കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളംവെച്ചതോടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടി എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെ ഉടന്‍തന്നെ പിടികൂടി. ട്രെയിനില്‍ നടത്തിയ തിരച്ചില്‍ രണ്ടുപേര്‍ കൂടി പിന്നീട് പിടിയിലായി.
സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി നാലുപേരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.
Post a Comment