ശക്തമായ മഴ ആന്ധ്രപ്രദേശില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 മരണം; 18 പേരെ കാണാതായി





ആന്ധ്രപ്രദേശിലെ കടപ്പയില്‍ മൂന്ന് ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. കടപ്പയിലെ മണ്ടപ്പള്ളി വില്ലേജിലാണ് സര്‍ക്കാര്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ടത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിത്തുടങ്ങിയ ബസുകളുടെ മുകളില്‍ കയറിയാണ് ആളുകള്‍ രക്ഷപെട്ടത്. മണ്ടപ്പള്ളി, നന്ദലൂരു, അക്കേപ്പാടു മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്.


കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നാടല്ലൂരിനടുത്ത് കുടുങ്ങിയ ബസില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏഴ് പേരുടെ മൃതദേഹം ഗുണ്ടുലൂരുവില്‍ നിന്നും മൂന്ന് മൃതദേഹം രയവരം മേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്.


തീര്‍ത്ഥാടന കേന്ദ്രമായ തിരുപ്പതിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. നൂറുകണക്കിന് വളര്‍ത്തുമൃഗങ്ങളും വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. ആന്ധ്രയിലെ വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം താറുമാറായി. ജില്ലകളില്‍ പ്രളയ മുന്നറിയിപ്പുനല്‍കിയിരുന്നു.



Post a Comment

Previous Post Next Post