സെക്യൂരിറ്റി ജീവനക്കാർ മർദിച്ച യുവാവിന്റെ അമ്മുമ്മ മരിച്ചു SNEWS





തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.



അതേസമയം കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.




ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.




തുടർന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.




Post a Comment

أحدث أقدم