നടുറോഡിൽ ക്രൂര മർദനത്തിനു വിധേയനായ യുവാവിന്റെ പരാതി സ്വീകരിക്കാൻ വിസമ്മതിക്കുകയും ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സ്റ്റേഷൻ ജാമ്യം നൽകി വിടുകയും ചെയ്ത സംഭവം വിവാദമായിരുന്നു. മാധ്യമ വാർത്തകളെ തുടർന്ന് സംഭവം വൻവിവാദമായതോടെ ഡിഐജി സഞ്ജയ്കുമാർ ഗുരുഡിൻ സ്റ്റേഷനിലെത്തി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി. ഞായർ രാത്രി 10ഓടെ പുത്തൻതോപ്പ് ചിറയ്ക്കൽ ആസിയ മൻസിലിൽ എച്ച്. അനസ് (25) കണിയാപുരം തെക്കതിൽക്കടയ്ക്കു സമീപം വെട്ടുകാട്ടുവിള വീട്ടിൽ ഫൈസലി ( 32 )ന്റെ മർദനത്തിന് ഇരയായത്. അനസ് ഓടിച്ച ബൈക്ക് ദേഹത്തു തട്ടിയതെന്നാണ് പ്രകോപനമായി പറഞ്ഞത്. ബൈക്കിന്റെ താക്കോൽ ഊരിയെറിഞ്ഞ ശേഷം ഫൈസലും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും കൂടി ചേർന്ന് അനസിനെ പതിനഞ്ചു മിനിറ്റോളം മർദിച്ചു.ബോധരഹിതനായി നിലത്തു വീണിട്ടും വിട്ടില്ല. തലയ്ക്കും മുഖത്തും സാരമായ പരുക്കേറ്റ അനസിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്.
മർദനത്തിലേറ്റ ഗുരുതര പരുക്കുമായി എത്തിയ അനസിനെ അപകടത്തിൽ സംഭവിച്ച പരുക്കാണെന്നു പറഞ്ഞ് കേസെടുക്കാതെ മടക്കിയയ്ക്കുകയും ഫൈസലിനെ സ്വന്തം ജാമ്യത്തിൽ വിട്ടയയ്ക്കുകയുമായിരുന്നു.വധശ്രമക്കേസിൽ ഒന്നാം പ്രതിയായി വാറണ്ടുള്ള ആളാണ് ഫൈസൽ. ആശുപത്രിയിൽ ചികിൽസയിലിരിക്കുന്ന അനസിനോടു സ്റ്റേഷനിലെത്തി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതും എസ്ഐയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയെന്നാണ് കണ്ടെത്തൽ. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലാണ് അന്വേഷണത്തിന്റെ റിപ്പോർട്ടിലും എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഫൈസലിന് പിന്നീട് നാട്ടുകാരിൽ നിന്നു മർദനമേറ്റു. എസ്ഐയുടെ വീഴ്ചയാണ് ഈ സംഭവത്തിലേക്കു പ്രദേശവാസികളിൽ നിന്നും മർദ്ദനമേൽക്കാൻ കാരണമായതെന്നും ശരിയായ നടപടികളിലൂടെ പോയിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മാധ്യമ വാർത്തകളെ തുടർന്ന് തുടക്കത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി വിശദീകരണം തേടിയെങ്കിലും എസ്ഐയെ സംരക്ഷിക്കാൻ ശ്രമം നടന്നിരുന്നു. എസ്ഐക്കെതിരെ നടപടിയെടുക്കാതിരിക്കാൻ രാഷ്ട്രീയ ഇടപെടലുകളും ഉണ്ടായി.അടിമുടി വീഴ്ച: വിട്ടയച്ച പ്രതിയെത്തേടി ഒടുവിൽ പൊലീസിന്റെ നെട്ടോട്ടംയുവാവിന് മർദനമേറ്റ സംഭവത്തിൽ എസ് ഐ ചെയ്തത് പൊലീസ് സേനയ്ക്ക് തന്നെ ദുഷ്പേരുണ്ടാക്കുന്ന പ്രവർത്തികളായതോടെയാണ് ഉന്നത ഇടപെടലും നടപടിയുമുണ്ടായത്. മുമ്പ് വധശ്രമക്കേസിലെ റിമാൻഡ് പ്രതിയായ ആളെയാണ് എസ്ഐ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ക്ഷുഭിതരായ നാട്ടുകാർ മർദിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫൈസൽ പിന്നീട് ജാമ്യമില്ലാ വകുപ്പു ചുമത്തിയതറിഞ്ഞ് ഒളിവിൽ പോയി. ഫോൺ സ്വിച്ച് ഓഫാണ്. സുഹൃത്തിനോടൊപ്പം എത്തിയ ഫൈസലിനെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമായിരുന്നു.അന്നു രാത്രി ഏഴോടെ പ്രദേശവാസികൾ ഫൈസലിനെ മർദിച്ചു.
തലയ്ക്കു പരുക്കേറ്റ ഫൈസൽ കണിയാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. തലയിൽ 12 തുന്നിക്കെട്ടുണ്ട്. പിന്നീട് വീട്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തിയതറിഞ്ഞ് ഇപ്പോൾ ഒളിവിലെന്നാണ് വിവരം. ഫൈസലിനെ മർദിച്ച സംഭവത്തിൽ 15ഓളം പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം എസ്ഐ കേസെടുക്കുകയായിരുന്നു. ഇതിൽ നാലുപേരെ പിടികൂടിയിട്ടുണ്ട്.
അനസിനെ ഫൈസലും സംഘവും മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മർദനത്തിലുണ്ടായ മുറിവുകൾ വച്ചുകെട്ടിയാണ് അനസ് മംഗലപുരം സ്റ്റേഷനിൽ പരാതിയുമായെത്തിയത്.മദ്യപിച്ച് ബൈക്കിൽ നിന്നു വീണതല്ലേയെന്നായി എസ്ഐ. സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നും അവിടെ പരാതി കൊടുക്കാനും എസ്ഐ ആവശ്യപ്പെട്ടു. തുടർന്ന് അനസ് കഠിനംകുളം സ്റ്റേഷനിലെത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. അടുത്ത ദിവസം മൊഴി കൊടുക്കാൻ അനസിനോട് മംഗലപുരം സ്റ്റേഷനിലേക്ക് വരാൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. അവശനായ അനസിനു പകരം ബന്ധുവാണ് പിന്നീട് മൊഴി നൽകിയത്.
إرسال تعليق