100 കോടിയോളം വിലവരുന്ന ഭൂമി ആൾമാറാട്ടം നടത്തി തട്ടിയെടുത്തു; പ്രതി പിടിയിൽ




കുറുമാത്തൂർ വില്ലേജിലുൾപ്പെട്ട തുമ്പശേരി എസ്റ്റേറ്റിലെ 100 കോടിയോളം വിലവരുന്ന ഭൂമി ആൾമാറാട്ടം നടത്തി തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ തളിപ്പറമ്പ് പോലീസ് പിടികൂടി. എറണാകുളത്ത് താമസിക്കുന്ന കാലിക്കടവ് സ്വദേശി കാരയിൽ മുത്തലിബാണ് വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായത്. അതോടെ തുമ്പശ്ശേരി ഭൂമി തട്ടിപ്പ് കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും പോലീസ് പിടിയിലായി.





പരേതരായ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഫിലിപ്പോസ് തോമസ്, ഭാര്യ റോസ്മേരി എന്നിവരുടെ ഭൂമി രണ്ട് തവണകളായി ആൾമാറാട്ടം നടത്തി തട്ടിയെടുത്തുവെന്നായിരുന്നു പരാതി. 2016ൽ റോസ് മേരിക്ക് അവകാശപ്പെട്ട 7.25ഏക്കർ സ്ഥലവും  ഫിലിപ്പോസ് തോമസിന്റെ പവർ ഓഫ് അറ്റോണി ഉപയോഗിച്ച് റോസ്മേരിയുടെ ബന്ധുവിന്റെ പേരിലുണ്ടായിരുന്ന 8.45 ഏക്കർ സ്ഥലവും പ്രതികൾ കൈക്കലാക്കുകയായിരുന്നു. 





മുത്തലിബ്,അബ്ദുൽ സത്താർ എന്നിവർ വ്യാജരേഖയുണ്ടാക്കി  ആൾ മാറാട്ടം നടത്തി അന്നത്തെ തളിപ്പറമ്പ് രജിസ്ട്രാറുടെ സഹായത്തോടെയായിരുന്നു ഭൂമി ബന്ധുക്കളെയും മറ്റും പേരിലേക്ക് മാറ്റിയത്. റോസ്മേരിയുടെ ബന്ധുവായ ടിഎം തോമസിന്റെ പരാതിയിൽ രണ്ട് കേസുകളിലായി അന്വേഷണം ആരംഭിച്ച പോലീസ് തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്ന പി.വി.വിനോദ് കുമാറിനെയടക്കം 12 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയായ റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ മുത്തലിബിനെ എറണാകുളത്ത് വെച്ചായിരുന്നു  തളിപ്പറമ്പ് പോലീസ് പിടികൂടിയത്. തളിപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Post a Comment

أحدث أقدم