തടിലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; 4 മരണം, 5 പേർക്ക് പരുക്ക്





കാസർകോട് പാണത്തൂരിൽ തടിലോറി നിയന്ത്രണംവിട്ട് കീഴ്മേൽമറിഞ്ഞ് നാലുപേർ മരിച്ചു,  അഞ്ചുപേർക്ക് പരുക്കേറ്റു. പാണത്തൂർ-സുള്യ റോഡിൽ പരിയാരത്തുവച്ച് വൈകുന്നേരം നാലുമണിക്കാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം തടിപ്പണിക്കാരാണ്.




റബർ തടി കയറ്റി വന്ന ലോറിയാണ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചു. പനത്തടി പഞ്ചായത്തിലെ കുണ്ടുപ്പള്ളി സ്വദേശികളായ എം.കെ.മോഹനൻ, വെങ്കപ്പു എന്ന സുന്ദരൻ, കെ.ബാബു, നാരായണൻ എന്നിവരാണ് മരിച്ചത്.





ലോറി കീഴ്മേൽ മറിഞ്ഞപ്പോൾ തൊഴിലാളികൾ ലോറിക്കടിയിലും തടിക്കടിയിലും പെട്ടതാണ് അപകടത്തിന്റെ തീവ്രത ഉയർത്തിയത്. രക്ഷപ്പെട്ട അഞ്ചുപേരിൽ ഒരാളുടെ നില  ഗുരുതരമാണ്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്ക് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി നാല് പേർക്കും നിസ്സാര പരുക്കാണുള്ളത്. ഇപ്പോൾ അപകടം നടന്ന സ്ഥലത്തിന് സമീപം ഒരു വർഷം മുൻപ് കർണാടകയിൽനിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചിരുന്നു. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



Post a Comment

أحدث أقدم