വേദനയായി കൊക്കയാര്‍; ആശങ്കയായി മുല്ലപ്പെരിയാര്‍; ജലം കൊണ്ട് മുറിവേറ്റ ഇടുക്കി







ഇടുക്കിക്ക് വീണ്ടും ജലംകൊണ്ട് മുറിവേറ്റ വർഷമാണ് കടന്നുപോകുന്നത്. കൊക്കയാറിൽ ഉരുൾ താണ്ഡവമാടിയപ്പോൾ മുല്ലപ്പെരിയാറിൽ നിന്ന് തുറന്നുവിട്ട വെള്ളം പേടിച്ച് തീരവാസികൾക്ക് ജീവനും കൊണ്ടോടേണ്ടി വന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കേരളം ഇനിയും പഠിച്ചിട്ടില്ലെന്നാണ് 2021 തെളിയിക്കുന്നത്.  






മഴക്കാലം ഇടുക്കിക്ക് കുറച്ചു വർഷങ്ങളായി വേദനകളുടെയും നഷ്ടങ്ങളുടെയും നാളുകളാണ്. 2021 ഒക്ടോബർ 16നാണ് കൊക്കയാറിൽ എട്ടുപേരുടെ ജീവനെടുത്ത മഹാദുരന്തമുണ്ടായത്. ആർത്തലച്ചു പെയ്ത മഴയിൽ  ജീവനുവേണ്ടിയുള്ള നിലവിളിപോലും പുറത്തുകേൾക്കാതെ അ‍ഞ്ച് കുരുന്നുകളടക്കം എട്ടുപേരുടെ ജീവന്‍ ഉരുളെടുത്തു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹങ്ങള്‍ ഓരോന്നോരോന്ന് കണ്ടെത്തി.






കൊക്കയാറിൽ ഉരുൾ ജീവനെടുത്തെങ്കിൽ മറ്റിടങ്ങളിൽ ജീവച്ഛവമായി മാറിയ ജീവിതങ്ങളെ അവശേഷിച്ചാണ് മഴ തോർന്നത്. ചെറുതും വലുതുമായ എൻപത് ഉരുൾപൊട്ടലാണ് കൊക്കയാര്‍ പഞ്ചായത്തിലെ വടക്കേമലയിലും, വെംബ്ലിയിലും, കനകപുരത്തും, ഒക്കെ ഉണ്ടായത്. ആളപായമില്ലാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പുറംലോകത്തറിയാനും രക്ഷാപ്രവർത്തകരെത്താനും വൈകി.






കൊക്കയാർ ദുരന്തത്തിന്റെ നടുക്കം മാറുന്നതിനും മുൻപേ മുല്ലപ്പെരിയാർ ഡാമിൽ കേരളത്തിന്റെ ആശങ്ക നിറഞ്ഞു തുടങ്ങിയിരുന്നു. നവംബർ ഡിസംബർ മാസങ്ങളിലാണ് മുല്ലപ്പെരിയാർ നിറയുന്നത്. നവംബര്‍ 30ന് റൂള്‍ കര്‍വ് അവസാനിച്ചതോടെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അനുവദനീയ പരിധിയായ 142 അടിയിലേക്ക് എത്തിക്കാനായി തമിഴ്നാടിന്റെ നീക്കം. ഒട്ടേറെ തവണ ജലനിരപ്പ് 142 കടന്നു. തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ സ്പില്‍വേ ഷട്ടറുകൾ തുറന്നതോടെ തീരം വെള്ളത്തിൽ മുങ്ങി. ഒരാഴ്ചക്കിടെ മൂന്ന് തവണ കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗർ, വള്ളക്കടവ് പ്രദേശങ്ങളിൽ നിന്ന് ആളുകൾ വീടുവിട്ടോടി. 






കാലവർഷക്കെടുതികൾ കാലവർഷത്തിൽ മാത്രമായി ഒതുങ്ങാത്ത ഒരു കാലാവസ്ഥയിലൂടെയാണ് ഇടുക്കി ഈ വർഷം കടന്നുപോയത്. അടിക്കടിയുണ്ടാവുന്ന ന്യൂനമർദങ്ങൾ. മഴ നിലയ്ക്കാത്ത കാലങ്ങൾ. പെരുമഴയും വെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും തീർക്കുന്ന ദുരിതജീവിതങ്ങൾ പുതിയൊരു പുലരിയിലേക്ക് അടുക്കുകയാണ്. പുതുപ്രതീക്ഷയോടെ.
പിടുസി- തുടർച്ചയായി ഒരുമാസം മുല്ലപ്പെരിയാറിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയാണ് കാലം തെറ്റിയ മഴ പെയ്തൊഴിഞ്ഞത്. 2022 ലേക്ക് എത്തുമ്പോഴും മുല്ലപ്പെരിയാർ ഡാമിനെ കുറിച്ചുള്ള ആശങ്കകൾ അവസാനിക്കുന്നില്ല. കൊക്കയാറിൽ ജീവനുമായി രക്ഷപ്പെട്ടോടി ക്യാംപുകളിൽ കഴിയുന്നവർ ഈ പുതുവർഷത്തിലെങ്കിലും ശാശ്വതമായ പുനരധിവാസം പ്രതീക്ഷിക്കുന്നുണ്ട്.



Post a Comment

Previous Post Next Post