നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവതി മരിച്ചു




തിരുവല്ല : നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിനിടെ യുവതി പ്ലാറ്റ് ഫോമിനും ട്രെയിനും ഇടയിൽപെട്ടു മരിച്ചു. കുന്നന്താനം ചെങ്ങരൂർച്ചിറ നാട്ടുവാതുക്കൽ കുന്നേൽ മിഥുന്റെ ഭാര്യ അനു (32) ആണ് മരിച്ചത്. തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അപകടം.

മിഥുന്റെ മാതാവ് അജിതയെ ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് യാത്രയയ്ക്കാൻ എത്തിയതായിരുന്നു അനു. സാധനങ്ങൾ അകത്ത് എടുത്തു വയ്ക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. ഇതറിഞ്ഞ് വേഗത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. കാൽ വഴുതി പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. 

ട്രെയിൻ നിർത്തി അനുവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദുബായിലായിരുന്ന മിഥുനും അനുവും ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് മിഥുൻ‌ മടങ്ങി. അടുത്ത മാസം 10ന് അനു ദുബായിലേക്കു പോകാനിരിക്കുകയായിരുന്നു. ചങ്ങനാശേരി കോട്ടമുറി ഇരുപ്പ പുരയിടത്തിൽ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകളാണ് അനു. 


Post a Comment

أحدث أقدم