കാട്ടിൽ മണിക്കൂറുകളോളം തിരച്ചിൽ; ഗുഹയിൽ സുഖനിദ്രയിൽ യുവാവ്







എടക്കര  : കൂട്ടുകാർക്കൊപ്പമെത്തി നാടുകാണി ചുരത്തിൽ കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനത്തിലെ ഗുഹയിൽനിന്നു കണ്ടെത്തി. പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ തോട്ടത്തിൽ ഷെരീഫിനെ (32) ആണ് ഇന്നലെ പുലർച്ചെ ഒന്നോടെ സംസ്ഥാന അതിർത്തിക്കു സമീപം വനത്തിലെ പാറക്കെട്ടിലെ ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയത്. ബുധൻ രാത്രി ഏഴരയോടെയാണ് ‌യുവാവിനെ കാണാതായത്.





വയനാട് അമ്പലവയലിലെ സുഹൃത്തിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം 3 സുഹൃത്തുക്കൾക്കൊപ്പം മടങ്ങുന്നതിനിടെ കാർ നിർത്തിച്ച് അരുവിയിൽനിന്ന് വെള്ളം എടുക്കാനെന്നുപറഞ്ഞ് പോയതാണ്. ഏറെനേരം കഴിഞ്ഞും കാണാതായതോടെ സുഹൃത്തുക്കൾ രണ്ടുമണിക്കൂറോളം തിരഞ്ഞു. 





രാത്രി ഒൻപതോടെ വഴിക്കടവ് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസും വനപാലകരും അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ്, ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തിരച്ചി‌ൽ നടത്തിയത്. ഗുഹയ്ക്കടുത്ത് മദ്യക്കുപ്പി ശ്രദ്ധയിൽപെട്ടതോടെ കയറി നോക്കുമ്പോൾ യുവാവ് ഉള്ളിൽ കിടന്നുറങ്ങുന്നതായാണ് കണ്ടത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.സലീഷ് കുമാർ, വനം വാച്ചർ പുഴുതിനിപ്പാറ റഷീദ് എന്നിവർ ചേർന്ന് സാഹസപ്പെട്ടാണ് പുറത്തെത്തിച്ചത്. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിരച്ചിൽ നടക്കുമ്പോൾ സുഖനിദ്രയിൽ





പൊലീസുൾപ്പെടെയുള്ള സംഘവും നാട്ടുകാരും മണിക്കൂറുകളോളം തിരച്ചിൽ നടത്തുമ്പോഴും യുവാവ് പാറമടയ്ക്കുള്ളിൽ സുഖനിദ്രയിൽ. റോഡിനോടു ചേർന്ന് കല്ലള എന്നറിയപ്പെടുന്ന വലിയ പാറയ്ക്കുള്ളിലെ ഗുഹയിൽ യുവാവ് ഉണ്ടാകുമെന്ന് കരുതിയതല്ല. പരിസരത്ത് മദ്യക്കുപ്പി കണ്ടതുകൊണ്ടാണ് പരിശോധിച്ചത്. ഇതിനിടെ ഗുഹയിൽനിന്നു ഞരക്കം കേട്ടു. യുവാവ് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ചുമന്നാണ് റോഡിൽ എത്തിച്ചത്. വനത്തിൽ അതിക്രമിച്ചു കയറിയതിന് യുവാവിനെതിരെ വനം വകുപ്പ് കേസെടുത്തു. ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയശേഷം വനം വകുപ്പിന് കൈമാറി. ഉച്ചയോടെയാണ് ജാമ്യത്തിൽ വിട്ടത്

Post a Comment

أحدث أقدم