‘വാട്സാപിലെ സന്ദേശം കേട്ട് ഇറങ്ങിയോടി’; ഒരു ലക്ഷത്തോളം രൂപ ടാക്സിക്ക് നൽകി






ദൃശ്യ ഹരിദാസ്, എംബിബിഎസ് മൂന്നാം വർഷ വിദ്യാർഥിനി, (സപ്രോഷ്യ സ്റ്റേറ്റ് മെഡിക്കല്‌ യൂണിവേഴ്സിറ്റി, യുക്രെയ്ൻ)
എടക്കര : ഉറങ്ങിയിട്ട് 3 ദിവസമായി. ഏതുസമയവും ബോബ് സ്ഫോടനം ഉണ്ടാവുമെന്ന ആശങ്കയാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശത്തെ തുടർന്ന് ജീവരക്ഷാർഥം താമസിക്കുന്ന ഹോസ്റ്റലിൽ നിന്നിറങ്ങിയോടിയ സംഭവവുമുണ്ടായി. യൂണിവേഴ്സിറ്റി ക്യാംപസിനടുത്ത് തന്നെയുള്ള ഹോസ്റ്റലിന്റെ താമസിക്കുന്ന 11ാമത്തെ ഫ്ലോറിൽ നിന്ന് താഴെയെത്താൻ ലിഫ്റ്റ് പ്രതീക്ഷിച്ച് നിൽക്കാൻ സമയമില്ലാത്തതിനാൽ പാസ്പോർട്ടും അത്യാവശ്യ സാധനങ്ങളും എടുത്ത് കോണിപ്പടികളിലൂടെ ഇറങ്ങിയോടുകയായിരുന്നു.






എന്നാൽ, താഴെ എത്തിയപ്പോഴാണറിയുന്നത് തെറ്റായ സന്ദേശമായിരുന്നുവെന്ന്. എന്നാൽ, ഇതിനുശേഷം ഞങ്ങൾ ഹോസ്റ്റലിന്റെ താഴെയുള്ള ഒഴിഞ്ഞ ഒരു മുറിയിലാണ് തങ്ങിയിരിക്കുന്നത്. 2 ദിവസത്തിനുള്ളിൽ റുമേനിയ വരെ ബസിൽ കൊണ്ടുപോകുമെന്നും ഇവിടെ നിന്നു വിമാനമാർഗം നാട്ടിലെത്തിക്കുന്നുമാണ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല എടക്കരയിലെ ദൃശ്യ സ്റ്റുഡിയോ ഉടമ ഹരിദാസിന്റെയും പോത്തുകല്ല് ഞെട്ടിക്കുളം യുപി സ്കൂൾ അധ്യാപിക ബിന്ദുവിന്റെയും മകളാണ്.





സാന്ദ്രയ്‌ക്ക് മടക്കയാത്രയ്‌ക്ക് വഴി തെളിഞ്ഞു
പാലൂർ സ്വദേശിനി പനങ്ങാട്ട് സാന്ദ്ര(23)യ്‌ക്ക് മടക്കയാത്രയ്‌ക്കുള്ള വഴി തെളിഞ്ഞു. ഇക്കാര്യം ഇന്നലെ മാതാപിതാക്കളെ വിളിച്ചറിയിച്ചു. ഇന്നലെ താമസ സ്ഥലത്തു നിന്ന് പ്രത്യേക ബസിൽ പോളണ്ടിലേക്ക് പോയി. രക്ഷാദൗത്യവുമായി ഇന്ത്യൻ വിമാനം എത്തിയാൽ ഇവിടെ നിന്ന് മടങ്ങാനാകും. ലിവ്യൂവിലെ ഡാനിലോ ഹാലിറ്റ്‌സ്‌കി ലിവ്യൂ നാഷനൽ സർവകലാശാലയിൽ എംബിബിഎസ് നാലാം വർഷ വിദ്യാർഥിനിയാണ് സാന്ദ്ര.





ഒരു ലക്ഷത്തോളം രൂപ ടാക്സിക്ക് നൽകി
എടവണ്ണപ്പാറ:‘ പ്രശ്നം വരുമെന്ന സൂചനയുണ്ടായപ്പോൾ നാട്ടിലേക്കു ടിക്കറ്റ് ബുക്കു ചെയ്തതാണ്. അടുത്തയാഴ്ച പുറപ്പെടേണ്ടതായിരുന്നു. എന്നാൽ, പെട്ടെന്നുണ്ടായ റഷ്യൻ ആക്രമണത്തിൽ എല്ലാം തകിടം മറിഞ്ഞു’ - കീവിൽ ജോലി ചെയ്യുന്ന വാഴക്കാട് സ്വദേശി ഹാരിസ് റഹ്മാൻ പറയുന്നു. കീവിൽ ബോംബ്, ഷെല്ലാക്രമണം തുടങ്ങിയതോടെ ആയിരക്കണക്കിനാളുകളെപ്പോലെ ഹാരിസും സുഹൃത്തുക്കളും ടാക്സി വിളിച്ചു പോളണ്ട് അതിർത്തിയിലേക്കു പുറപ്പെട്ടു. ഇന്ത്യൻ എംബസിയുടെ അറിയിപ്പ് അനുസരിച്ചാണു പോയത്. ഒരു ലക്ഷത്തോളം രൂപയാണു ടാക്സിക്കു നൽകേണ്ടിവന്നത്.





അതിർത്തിക്കടുത്ത് പത്തു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതിനാൽ, ആ ദൂരമത്രയും നടന്നു അതിർത്തിക്കടുത്തെത്തി. ഇവിടെ നിന്നു എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. രണ്ടു ഡിഗ്രിയാണു താപനില. ടാക്സിയിലല്ലാതെ അതിർത്തി കടത്തിവിടില്ലെന്നാണു അധികൃതർ പറയുന്നത്. മരവിക്കുന്ന തണുപ്പിൽ, ഇന്ത്യൻ അധികൃതരുടെ ഭാഗത്തു നിന്നു ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. മലയാളികളുൾപ്പെടെ ഇരുപതോളം ഇന്ത്യക്കാർ ഇവിടെയുണ്ട്.

Post a Comment

Previous Post Next Post