വിശ്രമമില്ലാത്ത യാത്ര കഞ്ചാവ് ഓയില്‍ വാങ്ങാന്‍ മൂവര്‍സംഘം യാത്ര ചെയ്തത് 1400 കിലോമീറ്ററാണ്. തുടര്‍ച്ചയായി ഇരുപത്തിയഞ്ചു മണിക്കൂര്‍ വണ്ടിയോടിച്ചു. കഞ്ചാവ് ഓയില്‍ നാവില്‍ തൊട്ടതിന്റെ ഊര്‍ജത്തിലാണ് വിശ്രമമില്ലാത്ത യാത്ര. പൈലറ്റായി ഒരു കാര്‍ മുന്നില്‍ പോകും. ആ കാറില്‍ ഒരാള്‍ മാത്രം. കഞ്ചാവ് ഓയിലുള്ള കാറിലാകട്ടെ രണ്ടു പേരും. പൊലീസ് പരിശോധനകളില്ലെന്ന് ഉറപ്പുവരുത്താനാണ് പൈലറ്റ് വണ്ടി.
കഞ്ചാവ് ഓയില്‍ കടത്തുന്ന ചില വണ്ടികളുടെ നമ്പറുകള്‍ തൃശൂര്‍ റൂറല്‍ എസ്.പി: ഐശ്വര്യ ഡോഗ്രേയ്ക്കു രഹസ്യമായി കിട്ടിയിരുന്നു. ഈ വണ്ടികള്‍ പിടികൂടാന്‍ ഉറക്കമൊഴിച്ച് പൊലീസ് കാത്തുനിന്നു. ചാലക്കുടി ഡിവൈ.എസ്.പി.: സി.ആര്‍.സന്തോഷും കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും രണ്ടിടത്തായി കാത്തുനിന്നു. ലഹരിവണ്ടി പാലിയേക്കര ടോള്‍ കടന്നെന്ന് മനസിലായതോടെ പൊലീസ് വലവിരിച്ച് കാത്തുനിന്നു.
ഉന്നം കൊച്ചി, പദ്ധതി പാളികൊച്ചി ഉന്നമിട്ടായിരുന്നു മൂവര്‍സംഘത്തിന്റെ യാത്ര. പണംമുടക്കിയ കൊച്ചിക്കാരന്‍ സജീഷ് അരമണിക്കൂര്‍ ഇടവിട്ട് ഇവരെ വിളിക്കുമായിരുന്നു. ഇന്റര്‍നെറ്റ് കോളിലാണ് സംസാരം. മൂവരും തിരിച്ചുവിളിക്കുമ്പോള്‍ സജീഷിനെ കിട്ടാറില്ല. ഉച്ചയ്ക്കു മുമ്പേ ഹഷിഷ് ഓയില്‍ കൊച്ചിയില്‍ കൈമാറാമെന്നായിരുന്നു ധാരണ. പക്ഷേ, മുരിങ്ങൂര്‍ ദേശീയപാതയില്‍ പൊലീസ് ഒരുക്കിയ വലയില്‍ വന്ന് മൂവരും വീണതോടെ ആ പദ്ധതി പാളി. കൊച്ചിയിലെ ലഹരിപാര്‍ട്ടികള്‍ക്കു വീര്യം പകരാന്‍ ആന്ധ്രയില്‍ നിന്ന് കടത്തിയ കഞ്ചാവ് ഓയില്‍ പിടിക്കപ്പെട്ടു.
യാത്രാചെലവ് രണ്ടു ലക്ഷംതൃശൂരില്‍ നിന്ന് ആന്ധ്ര വരെ പോകാനും രണ്ടാഴ്ച അവിടെ താമസിക്കാനും എല്ലാമായി രണ്ടു ലക്ഷം രൂപയോളം ചെലവിനത്തില്‍ കൊച്ചിക്കാരന്‍ നല്‍കിയിരുന്നു. ഇതിനു പുറമെ, കഞ്ചാവ് ഓയില്‍ ഇവിടെ എത്തിച്ചാല്‍ അഞ്ചു ലക്ഷം രൂപയായിരുന്നു മൂവര്‍ക്കുമുള്ള പ്രതിഫലം. മുപ്പത്തിയെട്ടു ലക്ഷം മുടക്കി രണ്ടു കോടി ഇരുപത്തിയെട്ടു ലക്ഷം രൂപയ്ക്കു കഞ്ചാവ് ഓയില്‍ കൊച്ചിയില്‍ വില്‍ക്കാനായിരുന്നു പദ്ധതി. ഒറ്റഇടപാടില്‍ മാത്രം ഒന്നരക്കോടി രൂപയിലേറെ ലാഭം കീശയിലാകും.
മൂന്നുകിലോ നഷ്ടപ്പെട്ടുമൂന്നു കിലോ ഹഷിഷ് ഓയിലുമായി ഇതേസംഘം കൊച്ചിയിലേയ്ക്കു കടന്നത് കഴിഞ്ഞത് മാസമായിരുന്നു. അന്നും, പൊലീസ് ദേശീയപാതയില്‍ വലവിരിച്ചിരുന്നു. പക്ഷേ, പൊലീസ് ഉദ്ദേശിച്ച വണ്ടി ഇവര്‍ മാര്‍ഗമധ്യേ മാറ്റി. പൊലീസിനെ കബളിപ്പിച്ച് അന്ന് മൂന്നു കിലോ ഹഷിഷ് ഓയില്‍ കൊച്ചിയിലേയ്ക്കു കടത്തി. ഈ ആത്മവിശ്വാസത്തില്‍ പതിനൊന്നു കിലോ ഹഷിഷ് ഓയില്‍ കടത്താന്‍ ശ്രമിക്കുമ്പോഴാണ് കുരുക്ക് വീണത്. 1100 കിലോ കഞ്ചാവ് വാറ്റി
പതിനൊന്നു കിലോ കഞ്ചാവ് ഓയില്‍ കിട്ടാന്‍ വേണ്ടത് 1100 കിലോ കഞ്ചാവാണ്. ആന്ധ്ര, ഒഡീഷ അതിര്‍ത്തിയില്‍ ഇതിനുള്ള ഏജന്റുമാരുണ്ട്. ഹിന്ദി സംസാരിക്കാന്‍ അറിഞ്ഞാല്‍ കച്ചവടം എളുപ്പമാണ്. പിടിയിലായ നസീമിന് ഹിന്ദി സംസാരിക്കാന്‍ അറിയാം. നേരത്തെ, മുംബൈയിലായിരുന്നു. കഞ്ചാവ് ഓയിലിനു പണംമുടക്കിയ കൊച്ചിക്കാരനെ പിടികൂടിയാല്‍ പൊട്ടാന്‍ പോകുന്നത് ‘ലഹരിമരുന്ന് വില്‍പനയുടെ ശൃംഖലയാണ് ’
إرسال تعليق