വാഹനത്തിൽ നിന്നു ചില്ലു തകർത്ത് പുറത്തുചാടിയത് കൂറ്റൻ മുതല: പരിഭ്രാന്തരായി കാഴ്ചക്കാർ






തിരക്കുള്ള റോഡിൽവച്ച് വാഹനത്തിന്റെ ചില്ല് തകർത്ത് പുറത്തുചാടിയ കൂറ്റൻ മുതല പരിഭ്രാന്തി പരത്തി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സെന്റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം സുവോളജിക്കൽ പാർക്കിൽ നിന്നു മറ്റൊരിടത്തേക്ക് മൃഗശാലയിലെ വാനിൽ കൊണ്ടുപോവുകയായിരുന്ന മുതലകളിൽ ഒന്നാണ് യാത്രാമധ്യേ പുറത്തുചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരക്കുകയാണ്. 





വാനിന്റെ ഗ്ലാസ് ജനാല തകർത്ത് മുതല പുറത്തുചാടിയത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അതിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുതലയെ തിരികെ വാനിനുള്ളിലേക്ക് എത്തിക്കാൻ ഉദ്യോഗസ്ഥർക്ക് കഠിനശ്രമം തന്നെ വേണ്ടിവന്നു. ചില്ല് തകർത്ത് റോഡിലേക്കിറങ്ങിയ മുതല വഴിയോരത്തുള്ള പുൽത്തകിടിയിലേക്കാണ് നീങ്ങിയത്. തിരക്കുള്ള നിരത്തിൽ മുതല ഇറങ്ങിയാൽ സഞ്ചാരികൾക്കും മുതലയ്ക്കും അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. എന്നാൽ ഇതിനുള്ള സമയം കൊടുക്കാതെ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.




മൃഗശാല തന്നെയാണ് 12 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരു വാഹനത്തിൽ അതുവഴി സഞ്ചരിക്കുകയായിരുന്നു ജെസീക്ക സ്റ്റാർക്ക് എന്ന വ്യക്തിയാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. 




ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെയും ആത്മാർത്ഥതയെയും പ്രശംസിച്ചുകൊണ്ടാണ് പലരും അഭിപ്രായങ്ങൾ കുറിക്കുന്നത്. കൂറ്റൻ മുതലയെ വരുതിയിലാക്കിയ ഉദ്യോഗസ്ഥരിൽ രണ്ടുപേരും വനിതകളായിരുന്നു. അതിനാൽ വനിതകളുടെ ശക്തി ലോകത്തിന് മനസ്സിലാക്കി കൊടുക്കുന്ന വിഡിയോയാണിത് എന്ന തരത്തിലുള്ള പ്രതികരണങ്ങളുമുണ്ട്.




മുതലയെ ഉടൻതന്നെ പിടികൂടാൻ സാധിച്ചതിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായി മൃഗശാല ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഏതാനും നിമിഷത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും അപകടങ്ങളൊന്നും കൂടാതെ മുതലയെ സുരക്ഷിതമായെത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുതല വർഗത്തിൽ ഇന്നോളം തിരിച്ചറിഞ്ഞിട്ടുള്ള 24 ഇനങ്ങളെയും നേരിട്ട് കാണാൻ സാധിക്കുന്ന ലോകത്തിലെ ഒരേയൊരു മൃഗശാലയാണ് സെന്റ് അഗസ്റ്റിൻ അലിഗേറ്റർ ഫാം.

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم