നിമിഷ പ്രിയയുടെ മോചനം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഹായം ഉറപ്പ് നൽകിയെന്ന് ബന്ധുക്കൾ






യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം തേടി കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.





യമനിലെ സ്ഥിതിഗതികൾ സങ്കീർണമായി തുടരുന്ന സാഹചര്യമാണുള്ളതെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് ചില പരിമിതികൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഊർജിതമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രിയെയും കഴിയുമെങ്കിൽ പ്രധാനമന്ത്രിയെയും ബന്ധപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കരിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് നിമിഷപ്രിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പുനൽകി.




നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുന്നതിനും മോചനത്തിനും വേണ്ടിയുള്ള നീക്കങ്ങൾ കേന്ദ്രത്തിന്റേയും സംസ്ഥാന സർക്കാരിന്റേയും ഭാഗത്തുനിന്ന് ഉണ്ടായാൽ മോചനം കൂടുതൽ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീൽ കോടതി ശരിവെച്ചത്.





 വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് അപ്പീൽ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.
2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമൻകാരനായ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമൻ പൗരൻ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.





പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവർ ആരോപിച്ചിരുന്നു.

Post a Comment

Previous Post Next Post