കലിഫോര്‍ണിയയിലും നെവാഡയിലും കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഒരു കരടിയുടെ വിളയാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ഏതാണ്ട് ആയിരം കിലോയോളം ഭാരം വരുന്ന ഈ കൂറ്റന്‍ കരടി ഒരു വര്‍ഷത്തിനിടെ അതിക്രമിച്ച് കടന്നത് 36 വീടുകളിലേക്കാണ്. ആളുകളെ ആക്രമിച്ചില്ലെങ്കിലും ഭക്ഷണം കണ്ടെത്തുക എന്നതായിരുന്നു കരടിയുടെ വരവിന് പിന്നിലെ ലക്ഷ്യം. വലിയൊരു ചുറ്റളവുള്ള മേഖലയിലാണ് നിരന്തരം ഈ കരടിയുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പ്രത്യേകിച്ചും രണ്ട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന അതിര്‍ത്തി പ്രദേശത്താണ് ഈ ആക്രമണങ്ങളെല്ലാം നടന്നത്.
ഹാങ്ക് ദി ടാങ്ക് എന്ന വലുപ്പത്തെ സൂചിപ്പിയ്ക്കുന്ന പേരിനു പുറമെ മറ്റ് ചില പേരുകള്‍ കൂടി ഈ ഭീമന്‍ കരടിക്ക് പ്രദേശവാസികള്‍ നല്‍കിയിരുന്നു. യോഗി, ജേക്ക്, ബിഗ് ഗായ് തുടങ്ങിയവയായിരുന്നു ആ പേരുകള്‍. ആളുകള്‍ക്ക് പരുക്കില്ലെങ്കിലും കരടിയുടെ ഈ തുടര്‍ച്ചയായുള്ള ഭവന ഭേദനം പ്രദേശവാസികളില്‍ സ്വാഭാവികമായും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ നേര്‍ക്ക് നേര്‍ വന്നാല്‍ ആര്‍ക്കെങ്കിലും കരടിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുമോയെന്നും ഇവര്‍ ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കരടിയുടെ മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതോടെയാണ് ഈ കരടിയുടെ സാന്നിധ്യം ഇത്രയധികം വ്യാപിച്ചു കിടക്കുന്നതിന് പിന്നിലെ രഹസ്യം ഇവര്‍ തിരിച്ചറിഞ്ഞതും.
ഹാങ്ക് ദി ടാങ്ക് എന്ന ഒരു പേരില്‍ അറിയപ്പെടുന്നു എങ്കിലും യഥാർഥത്തില്‍ ആക്രമണം നടത്തുന്ന കരടികള്‍ മൂന്നാണെന്നാണ് അധികൃതരുടെ വിശദീകരണം. ഏതാണ്ട് ഒരേ വലുപ്പമുള്ള ഈ കറുത്ത കരടികള്‍ സമാനമായ രീതിയിലാണ് വനാതിര്‍ത്തിയിലെ വീടുകളിലെത്തി ആക്രമണങ്ങള്‍ നടത്തിയിരുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഈ ആക്രമണത്തിന് പിന്നില്‍ ഒരേ കരടിയാണെന്ന തെറ്റിദ്ധാരണ രൂപപ്പെട്ടതും. കരടികളുടെ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇവ ഒന്നല്ല മറിച്ച് മൂന്ന് വ്യത്യസ്ത കരടികളാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത്.
അതേസമയം കരടികള്‍ മൂന്നെണ്ണമുണ്ടെങ്കിലും ഇവ നാട്ടിലേക്കിറങ്ങുന്നത് ഏതാണ്ട് ഒരേ മേഖലയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കലിഫോര്‍ണിയന്‍ വനമേഖലയിലുള്ള സൗത്ത് ലേക്ക് തഹോവ എന്ന പ്രദേശത്താണ് ഇവ ജീവിക്കുന്നത്. ഈ പ്രദേശത്ത് നിന്ന് ഇവയെ പിടികൂടി മനുഷ്യസാന്നിധ്യമില്ലാത്ത മറ്റേതെങ്കിലും മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. തുടര്‍ച്ചയായുള്ള ഇടപെടല്‍ മൂലം മനുഷ്യരുമായുള്ള അപരിചിതത്വം നഷ്ടപ്പെട്ടതാണ് ഇവയെ വീടുകളിലേക്ക് കടന്ന് ചെല്ലാനും ഭക്ഷണം കണ്ടു പിടിക്കാനുമെല്ലാം പ്രേരിപ്പിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. അതേസമയം ഇത് വരെ ആളുകള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താത്ത സാഹചര്യത്തില്‍ കരടികളെ കൊല്ലുന്ന കാര്യം പരിഗണനയിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കരടികള്‍ ഭക്ഷണത്തിന്‍റെ മണം കൊണ്ട് ആകര്‍ഷിക്കപ്പെടുന്ന ജീവികളാണ്. വനമേഖലയോട് ചേര്‍ന്നുള്ള വീടുകളില്‍ നിന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണം സ്വാഭാവികമായി ഇവയെ ആകര്‍ഷിക്കും. അത് പോലെ തന്നെ വീടിന് അകത്തുള്ള മണമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും ഇവയെ ആകര്‍ഷിക്കുന്നതിന് കാരണമാകും. വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്ന ഭക്ഷണ സ്രോതസ്സെന്ന നിലയില്‍ കരടികളുടെ താൽപര്യം വർധിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മേഖലയിലെ കരടികളുടെ എണ്ണത്തില്‍ ഏതാണ്ട് മൂന്ന് മടങ്ങ് വർധനവുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെ മനുഷ്യവാസമേഖലയിലേക്ക് കരടികള്‍ എത്തുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. ഇത്തരം വരവുകളെല്ലാം തന്നെ എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണം തേടിയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശിക ഭരണാധികാരികളും റെസിഡന്‍റ് അസോസിയേഷനുകളുമായും ചേര്‍ന്ന് ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമം തുടരുകയാണ് വനം വകുപ്പ്. ഇതില്‍ ഏറ്റവും പ്രധാനം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വലിച്ചെറിഞ്ഞ് കരടികളെ ആകര്‍ഷിക്കാത്ത രീതിയില്‍ സംസ്കരിക്കാനുള്ള ശ്രമങ്ങളും മറ്റും ശീലിപ്പിക്കുകയാണ്. ഇതിലൂടെ തന്നെ കരടികളുടെ നാട്ടിലേക്കുള്ള വരവില്‍ കുറവ് വരുത്താന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
إرسال تعليق