‘കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം ഇതാ..’; കണക്ക് പങ്കിട്ട് വിമർശകരോട് തരൂർ





തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. നേതൃമാറ്റവും പൊളിച്ചുപണിയലും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ അടക്കം രംഗത്തുണ്ട്. എന്നാൽ പ്രതിപക്ഷ നിരയിൽ കരുത്തർ ഇപ്പോഴും കോൺഗ്രസ് തന്നെയെന്ന് വ്യക്തമാക്കി ചിലർക്ക് മറുപടി നൽകുകയാണ് ശശി തരൂർ എംപി. എംഎൽഎമാരുടെ എണ്ണത്തിലെ കണക്ക് പങ്കിട്ടാണ് തരൂർ കോൺഗ്രസിന്റെ ശക്തി പറയുന്നത്.





1443 എംഎൽഎമാരുള്ള ബിജെപിയ്ക്ക് െതാട്ടുപിന്നിൽ 753 എംഎൽഎമാരുമായി കോൺഗ്രസ് തന്നെയാണ് രണ്ടാമത്. മൂന്നാമത് 236 പേരുള്ള തൃണമൂൽ കോൺഗ്രസാണ്. 88 എംഎൽഎമാരാണ് സിപിഎമ്മിനുള്ളതെന്നും തരൂർ പങ്കുവച്ച കണക്കുകൾ പറയുന്നു.






നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞതിനു പിന്നാലെ, പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്ന പരസ്യനിലപാട് ശശി തരൂർ എടുത്തിരുന്നു. സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങളിൽ വേദനിക്കുന്നു.






കോൺഗ്രസ് നിലകൊള്ളുന്ന ഇന്ത്യയുടെ ആശയവും അത് രാഷ്ട്രത്തിന് നൽകുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്, നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണ്’ അദ്ദേഹം കുറിച്ചു.


Post a Comment

أحدث أقدم