1953ൽ മൈസൂരിലായിരുന്നു രാജയുടെ ജനനം. അക്കാലത്ത് രാജകുടുംബത്തിൽ പെട്ട വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു രാജ. പിൽക്കാലത്ത് രാജകുടുംബാംഗത്തിന്റെ രോഗം മാറ്റിയ ഒരു ശ്രീലങ്കൻ നാട്ടുവൈദ്യനു സമ്മാനമായി രാജയും നവാം രാജയെന്ന മറ്റൊരു ആനയും നൽകപ്പെട്ടു.അങ്ങനെയാണു മൂന്നുവയസ്സുള്ളപ്പോൾ രാജ ശ്രീലങ്കയിലെത്തിയത്.
ശ്രീലങ്കയിലെ കാൻഡിയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദലാഡ മാലിഗവ എന്ന ബുദ്ധവിഹാരം ലോകപ്രശസ്തനാണ്. ശ്രീബുദ്ധൻ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ചിതയിൽ നിന്നു ദന്തശേഷിപ്പുകൾ ശേഖരിച്ച് ഇവിടെയെത്തിച്ചെന്നാണ് ഐതിഹ്യം. ശ്രീലങ്കൻ ബുദ്ധമതവിഭാഗത്തിന്റെ ഏറ്റവും വലിയ പുണ്യസ്ഥലങ്ങളിലൊന്നായാണ് ദലാഡ മാലിഗവ അറിയപ്പെടുന്നത്. ഇവിടെ എല്ലാവർഷവും നടക്കുന്ന മഹാ ആഘോഷമാണ് ഇസല പെരിഹാര എന്ന ഉത്സവം. ഈ ഉത്സവത്തിൽ ശ്രീബുദ്ധന്റെ ദന്തങ്ങളെ പ്രതിനിധീകരിച്ച് ഒരു പെട്ടി ആനപ്പുറത്തേറ്റി എഴുന്നള്ളിക്കും.
ശ്രീലങ്കയിലെ ഏറ്റവും മികച്ച ആനയ്ക്കാണ് ഇതിനുള്ള ഭാഗ്യം ലഭിക്കുക. ഈ അവസരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജയ്ക്കാണ് ലഭിച്ചിരുന്നത്. ഇതോടെയാണ് സുരക്ഷാസേനയുടെ സംരക്ഷണവും െകാമ്പനെ തേടിയെത്തിയത്. കാൻഡിയിൽ നിന്നു 100 കിലോമീറ്റർ അകലെ ശ്രീലങ്കയിലെ നടുംഗമുവയിലാണു രാജയുടെ താമസം. ദേശീയ സ്വത്തായി അറിയപ്പെടുന്ന ഈ ആനയുടെ പേരിൽ ശ്രീലങ്കൻ തപാൽ വകുപ്പ് 2019ൽ സ്റ്റാംപ് പുറത്തിറക്കിയിരുന്നു.
Post a Comment