ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ തീരങ്ങളിൽ സാധാരണയായി കാണപ്പെടുന്ന സീഡ്രാഗണുകളാണ് വീഡി സീഡ്രാഗണുകൾ. അവയുടെ വലിയ ചിറകുകൾ കാരണം അധിക ദൂരത്തേക്ക് നീന്താൻ കഴിയാറില്ല. വാസസ്ഥത്തുനിന്ന് 50 മീറ്ററിലധികം ഇവ സഞ്ചരിക്കാറില്ല. അതുകൊണ്ട് തന്നെ ഇവ കൂട്ടത്തോടെ ചത്തുതീരത്തടിഞ്ഞ സംഭവം ഗവേഷകരെ ആശങ്കയിലാഴ്ത്തി. ആവാസവ്യവസ്ഥയുടെ ശോഷണവും സമുദ്രജലത്തിന്റെ ചൂടുമൊക്കെ ഇവയുടെ എണ്ണം കടലിൽ കുറയാൻ കാരണമായിട്ടുണ്ടെന്നും ഡോ.ബൂത്ത് വിശദീകരിച്ചു.
2019 മുതൽ വംശനാശ ഭീഷണി നേരിടുന്ന പട്ടികയും ഇവ ഇടം നേടിയിട്ടുണ്ട്.
കഥകളിലെ ഡ്രാഗണുകൾ തീതുപ്പുന്ന ഭയങ്കരന്മാരാണെങ്കിലും ശരീരമാസകലം നിറപ്പകിട്ടുള്ള ചിറകുകൾ കൊണ്ടലങ്കരിച്ച ഫാൻസി മത്സ്യങ്ങളാണ് സീഡ്രാഗണുകൾ. ഓസ്ട്രേലിയയ്ക്കു തെക്കും കിഴക്കുമുള്ള കടൽഭാഗങ്ങളിൽ കണ്ടുവരുന്ന ഈ വിചിത്രമത്സ്യങ്ങൾ കടൽക്കുതിരകളുടെ അടുത്ത ബന്ധുക്കളാണ്.
കടലിനടിഭാഗത്തെ പശ്ചാത്തലങ്ങളോട് നന്നായി ചേർന്നുപോകുന്ന നിറമാണിവയ്ക്ക്.
കടൽക്കുതികളുടേതു പോലുള്ള ശരീരം നിറയെ ഇലകളുടെ ആകൃതിയുള്ള തൊങ്ങലുകൾ കൊണ്ടലങ്കരിച്ചിരിക്കുന്നു. കുതിരകളുടേതുപോലുള്ള മുഖം, നേർത്ത വാൽ, ഏറെക്കുറെ സുതാര്യമായ പിൻഭാഗം എന്നീ പ്രത്യേകതകളുള്ള ഇവയ്ക്ക് 14 ഇഞ്ചോളം നീളമുണ്ടാകും.
ലീഫി സീഡ്രാഗൺ, വീഡി സീഡ്രാഗൺ എന്നിങ്ങനെ രണ്ടിനം സീഡ്രാഗണുകൾ ലോകത്തിലുണ്ട്. കടൽക്കുതിരകളിലേതുപോലെ മുട്ട വിരിയിക്കുന്ന ചുമതല ആൺ മത്സ്യങ്ങൾക്കാണ്. ഇവയുടെ വാലിനടിഭാഗത്തുള്ള പ്രത്യേക അറകളിലാണ് മുട്ടകൾ സൂക്ഷിക്കുക. 4–6 ആഴ്ചകൾക്കകം മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും.
കടലിനടിയിലെ ചെറുജീവികളെ ഭക്ഷണമാക്കുന്ന സീഡ്രാഗണുകളുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. മാലാഖമാരെപ്പോലുള്ള ഈ മീനുകളെ വളർത്താനായി പിടിക്കുന്നതും കടൽമലിനീകരണവുമൊക്കെയാണ് ഇന്ന് ഇവ നേരിടുന്ന ഭീഷണികൾ. ഓസ്ട്രേലിയൻ സർക്കാർ ഇവയുടെ സംരക്ഷണത്തിനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
Post a Comment