വെള്ളം നിറഞ്ഞ കിണറിനുള്ളിൽ അകപ്പെട്ടുപോയ ഉഗ്രവിഷമുള്ള ഒരു മൂർഖനെയാണ് ഇവിടെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കിണറിനുള്ളിൽ മൂർഖൻ പാമ്പ് എങ്ങനെയോ അകപ്പെടുകയായിരുന്നു. കിണറിൽ നിന്നും പുറത്തുവരാനാവാതെ നീന്തി തളർന്ന മൂർഖനെ കണ്ടെത്തിയ നാട്ടുകാർ എകോ എക്കോ ഫൗണ്ടേഷൻ എന്ന വന്യജീവി സംഘടനയെ വിവരം അറിയിച്ചു.
സംഘടനയിലെ സന്നദ്ധപ്രവർത്തകർ ഉടൻതന്നെ സ്ഥലത്തെത്തുകയും ചെയ്തു. അപ്പോഴേക്കും തീരെ ക്ഷീണിച്ച് അവശനിലയിലായിരുന്നു മൂർഖൻ. എത്ര ദിവസം മുൻപാണ് പാമ്പ് കിണറ്റിൽ വീണതെന്ന് വ്യക്തമല്ല. പുറത്തുകടക്കാൻ ഏറെ പരിശ്രമിച്ചതിനെ തുടർന്ന് ഏതാണ്ട് ചലിക്കാനാവാത്ത നിലയിലാണ് മൂർഖനെ കിണറ്റിൽ കണ്ടെത്തിയതെന്ന് സംഘടനയിലെ പ്രവർത്തകനായ വൈഭവ് ഭോഖ്‌ലെ പറയുന്നു.
കിണറിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ പാമ്പിന് സുരക്ഷിതമായി കയറി ഇരിക്കാനുള്ള സ്ഥലങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിമന്റ്കൊണ്ട് തേച്ചുറപ്പിച്ച ഭിത്തികളിൽ വിടവുകളും ഉണ്ടായിരുന്നില്ല. ഇനിയും ഇതേ നിലയിൽ തുടർന്നാൽ പാമ്പിന് ജീവൻ നിലനിർത്താനാവില്ലെന്ന് മനസ്സിലായതോടെ എങ്ങനെയും അതിനെ രക്ഷിക്കാനുള്ള ശ്രമങ്ങളായി പിന്നീട്. കിണറിനുള്ളിലേക്കിറങ്ങി പാമ്പിനെ രക്ഷിക്കുക എന്നത് പ്രായോഗികമായിരുന്നില്ല.
അതിനാൽ കയറുപയോഗിച്ച് പാമ്പിനെ മുകളിലേക്ക് ഉയർത്താനായിരുന്നു ശ്രമം. കയറിന്റെ അറ്റത്ത് കൊളുത്തിട്ട ശേഷം അതുപയോഗിച്ച് പാമ്പിനെ വലിച്ച് കരയിലേക്ക് കയയറ്റി. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. മൂർഖൻ പാമ്പുകളിൽ തന്നെ ഏറ്റവും അപകടകാരിയായ ഉഗ്രവിഷമുള്ള സ്പെക്റ്റാക്കിൾഡ് കോബ്ര ഇനത്തിൽപ്പെട്ട മൂർഖനെയാണ് കിണറിനുള്ളിൽ നിന്നും രക്ഷിച്ചത്.
അൽപനേരം നിരീക്ഷിച്ച് ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയശേഷം അതിനെ വനമേഖലയിലേക്ക് തുറന്നു വിടുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് ഇതിനോടകം രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ കണ്ടത്.
Post a Comment