ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് പരോൾ ലഭിച്ച തടവുകാർ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്ന് സുപ്രീം കോടതി. ജയിലുകളില്‍ തിരികെയെത്താൻ തടവുകാർക്ക് രണ്ടാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടി നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗികരിച്ചില്ല. ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
കൊവിഡ് സ്ഥിതിക്ക് അയവ് വന്ന സാഹചര്യത്തിൽ ഇനിയും പരോൾ നീട്ടേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. രാജ്യത്ത് എല്ലാ സംവിധാനങ്ങളും പഴയ സാഹചര്യത്തലാണ് ഇപ്പോൾ, അതിനാൽ പരോൾ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഇതോടെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുളളവർ തിരികെ ജയിലിലേക്ക് എത്തണം. കൊവിഡ് കാലത്ത് പരോൾ ലഭിച്ച 350ഓളം പേരാണ് ജയിലിലേക്ക് മടങ്ങിയെത്താനുളളത്. കൊവിഡ് രൂക്ഷമായതോടെ കഴിഞ്ഞ സെപ്തംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്.
إرسال تعليق