കനത്ത ചൂടിന്റെ ആഘാതം കുറച്ച് ഇന്ത്യയില്‍ കാലവര്‍ഷം (Monsoons) എത്തിയിരിക്കുകയാണ്. കൊടും ചൂടില്‍ (heat) നിന്നുള്ള വലിയ ആശ്വാസം മാത്രമല്ല, മറിച്ച് മഴ (rain) നമ്മുടെ മനസിനും കുളിർമയേകുന്നു. ഈ സമയങ്ങളില്‍ കരകവിഞ്ഞൊഴുകുന്ന നദികളും തടാകങ്ങളും പച്ചപ്പും മനോഹരമായ ബീച്ചുകളും സഞ്ചാരികള്‍ക്ക് ആസ്വാദിക്കാവുന്നതാണ്
ഈ മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സന്ദർശിക്കേണ്ട ഏഴ് പ്രധാന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
മേഘാലയ
കിഴക്കിന്റെ സ്‌കോട്ട്‌ലന്‍ഡ് എന്നറിയപ്പെടുന്ന ഷില്ലോങ്ങിലാണ് മണ്‍സൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. പച്ചപ്പാല്‍ സമൃദ്ധമായ ഖാസി, ജയന്തി കുന്നുകളാൽ ചുറ്റപ്പെട്ടതാണ് മോഘാലയ. ഇവിടെ നിരവധി വെള്ളച്ചാട്ടങ്ങളും താഴ്വരകളും ഉണ്ട്. ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഇവിടേക്ക് എത്തുന്ന സഞ്ചാരികളും നിരവധിയാണ്.
ഇവിടുത്തെ എലിഫന്റ് വെള്ളച്ചാട്ടവും സ്‌പ്രെഡ് ഈഗിള്‍ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. ഡേവിഡ് സ്‌കോട്ട് ട്രെയിലില്‍ ട്രെക്കിംഗും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
മഹാരാഷ്ട്ര
വളരെ പ്രശസ്തവും ശാന്തമായ അന്തരീക്ഷവുമുള്ള ലോണാവാല മല സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. പൂനെയില്‍ നിന്ന് 64 കിലോമീറ്ററും മുംബൈയില്‍ നിന്ന് 96 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഈ മല തടാകങ്ങള്‍ക്കും പച്ചപ്പിനും പേരുകേട്ട ഇടമാണ്.
റാപ്പെലിംഗ്, പാവ്‌ന തടാകത്തിലെ ക്യാമ്പിംഗും, ടിക്കോണ കോട്ടയിലേക്കുള്ള കാല്‍നടയാത്രയും, രാജ്മാച്ചി കോട്ടയിലേക്കുള്ള ട്രെക്കിംഗും ഉള്‍പ്പെടെയുള്ളവ സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ച നല്‍കുന്ന ടൈഗര്‍സ് ലീപ്പും സന്ദര്‍ശിക്കാവുന്നതാണ്.
കര്‍ണാടക
തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഇടതൂര്‍ന്ന വനങ്ങളും കാപ്പിത്തോട്ടങ്ങളും കര്‍ണാടകയിലെ കൂര്‍ഗിനെ മഴക്കാലത്ത് ഒരു റൊമാന്റിക് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ബാംഗ്ലൂരില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്കുള്ള യാത്ര തികച്ചും അവിസ്മരണീയമാകും.
ചുറ്റുപാടുമുള്ള മനോഹരമായ കാഴ്ചകള്‍ കാണുന്നതിനായി മടിക്കേരി കോട്ടയിലേക്കോ, രാജാ സീറ്റിലേക്കോ ട്രെക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടവും ഇതിനൊപ്പം ആബി വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം. നാഗര്‍ഹോള ദേശീയ ഉദ്യാനവും പുഷ്പഗിരി വന്യജീവി സങ്കേതവും ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടുകളാണ്. ശുദ്ധമായ കാപ്പിയും കൂര്‍ഗ് വൈനും മിതമായ നിരക്കില്‍ ഇവിടെ ലഭിക്കും.
ഗോവ
ഇന്ത്യയില്‍ ഏത് സമയത്തും സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു സ്ഥലമായ ഗോവ. മഴക്കാലത്ത് പ്രത്യേക സഞ്ചാര അനുഭവമായിരിക്കും ഗോവ നല്‍കുക. അതിമനോഹരമായ ബീച്ചുകളുടെ പശ്ചാത്തലത്തില്‍ കാര്‍മേഘം മൂടിക്കെട്ടിയ ആകാശം ഗോവയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകമാണ്.
പ്രശസ്തമായ ഗോവന്‍ പോര്‍ട്ട് വൈന്‍ അല്ലെങ്കില്‍ കശുവണ്ടിയില്‍ നിന്ന് നിര്‍മ്മിച്ച പ്രാദേശിക ഫെനിയും ഇവിടെ ലഭിക്കും. ബോം ജീസസ്, വാസ്‌കോ ചര്‍ച്ച് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഗോവയിലുണ്ട്.
രാജസ്ഥാന്‍
രാജസ്ഥാനിലെ പാലിയിലെ മിഹിര്‍ഗഢും റോഹെത്ഗഡും സന്ദര്‍ശിച്ചാല്‍ മണ്‍സൂണ്‍ സമയത്ത് മരുഭൂമി മനോഹരവും ആകര്‍ഷകവുമായ ഒരു സ്ഥലമായി മാറുന്നത് കാണാം. ഈ സമയം ഇവിടുത്തെ കൃഷിയിടങ്ങളില്‍ ഒരു തരം കറുത്ത മാനിനെ കാണാന്‍ സാധിക്കും. മിര്‍ച്ചി വട, പ്യാര്‍ കച്ചോറിസ് തുടങ്ങിയ മണ്‍സൂണ്‍ വിഭവങ്ങളും ഇവിടെ ലഭ്യമാണ്.
ഉത്തരാഖണ്ഡ്
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര ഭൂമിയിലെ സ്വര്‍ഗ്ഗമെന്നാണ് അറിയപ്പെടുന്നത്. ഇത് സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. 400-ലധികം ഇനത്തിലുള്ള പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ ഈ യാത്രയിലൂടെ സാധിക്കും. ഇവിടെ സന്ദര്‍ശിക്കാന്‍ കാലവര്‍ഷം അത്ര പറ്റിയ സമയമല്ലെങ്കിലും ആയുര്‍വേദ സുഖചികിത്സകള്‍ക്ക് ഏറ്റവും നല്ല സമയമാണിത്. ഉത്തരാഖണ്ഡിലെ ശ്രീ ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്കുള്ള ട്രെക്കിംങ് (5 കി.മീ.) സഞ്ചാരികള്‍ക്ക് പ്രത്യേക അനുഭവമാകും സമ്മാനിക്കുക.
കേരളം
കേരളത്തില്‍ മഴക്കാലത്ത് സന്ദര്‍ശിക്കേണ്ട പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് മൂന്നാര്‍. ഇവിടുത്തെ മൂടല്‍മഞ്ഞ് നിറഞ്ഞ മലകളും തേയിലത്തോട്ടങ്ങളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
മൂന്നാറിലെ തേയില തോട്ടങ്ങള്‍ക്കിടയിലും സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കിടയിലുള്ള ട്രീ ഹൗസില്‍ താമസിക്കാവുന്നതാണ്. ഇവിടെയുള്ള നിരവധി തേയിലത്തോട്ടങ്ങളിലൂടെ ഗൈഡിന്റെ സഹായത്തോടെ യാത്ര ചെയ്താൽ പരമ്പരാഗത തേയില ഉല്‍പാദന രീതികള്‍ മനസ്സിലാക്കുവുന്നതാണ്. ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, ഹോം മെയ്ഡ് ചോക്ലേറ്റുകള്‍, പ്രകൃതിദത്ത എണ്ണകള്‍ എന്നിവയും മൂന്നാറില്‍ സുലഭമാണ്.
إرسال تعليق