
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന് പിന്നാലെ മഞ്ചേശ്വരം എംഎല്‍എ എം. സി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗേള്‍ഡ് ജ്വലറി നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പിഴയും പലിശയും അടക്കം ജി എസ് ടി വകുപ്പ് ചുമത്തിയ തുക ഇതുവരെ സ്ഥാപനം അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കമറൂദ്ദീൻ ചെയർമാനായ കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജ്വലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തിയത്.2019 ജൂലായ്ക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജ്വലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വലറിയിൽ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വര്‍ണം നിക്ഷേപകര്‍ പിന്‍വലിച്ചു എന്നാണ് എം.എല്‍.എ ഇതു സംബന്ധിച്ചു നൽകിയ വിശദീകരണം.
എന്നാൽ ഇതിൻറെ രേഖകളൊന്നും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഇത്തരം ഇടപാടുകള്‍ നിയമവിരുദ്ധമാണെന്നും നികുതി വെട്ടിപ്പാണെന്നും അന്വേഷണ സംഘം കണ്ടെത്തി. 2020 ഓഗ്സ്റ്റ് 30 നകം ജി.എസ്.ടി വകുപ്പ് നികുതിയും പിഴയും പലിശയുമടക്കം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നല്‍കി. എന്നാൽ സ്ഥാപനം ഇതുവരെ തുക നൽകിയിട്ടില്ല.
إرسال تعليق