കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പേ അതേകാരണത്തെചൊല്ലി മറ്റൊരു പെൺകുട്ടിയും ജീവനൊടുക്കി. വിവാഹത്തിൽനിന്ന് കാമുകൻ പിന്മാറിയതിനെ തുടർന്നാണ് ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അർച്ചന ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ബി.എസ്.സി. നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയായ അർച്ചന(21) വിഷക്കായ കഴിച്ചാണ് വീട്ടിൽ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മരിക്കാൻ പോവുകയാണെന്ന് കാമുകനായ യുവാവിനെ അറിയിച്ചിരുന്നു. ഇയാൾ മറ്റൊരു സുഹൃത്ത് വഴി അർച്ചനയുടെ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ടല്ലൂർ സ്വദേശിയും മുൻസഹപാഠിയുമായ യുവാവുമായി അർച്ചന പ്രണയത്തിലായിരുന്നു. ഇയാൾ അർച്ചനയെ വിവാഹം ചെയ്തുതരണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഠനം പൂർത്തിയാക്കിയ ശേഷം വിവാഹം നടത്തി തരാമെന്നായിരുന്നു അർച്ചനയുടെ വീട്ടുകാരുടെ മറുപടി. ഇരുവരും പ്രണയം തുടർന്നെങ്കിലും അടുത്തിടെസ്ത്രീധനത്തെ ചൊല്ലി ബന്ധം ഉലയുകയായിരുന്നു. അർച്ചനയെ വിവാഹം കഴിക്കണമെങ്കിൽ കൂടുതൽ സ്ത്രീധനം വേണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
ഇത് നൽകാൻ കഴിയാതെ വന്നതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറി. തുടർന്ന് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞതോടെയാണ് അർച്ചന ജീവനൊടുക്കിയത്. മരണം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അർച്ചന യുവാവുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖയും സന്ദേശങ്ങളും വീട്ടുകാർക്ക് ലഭിച്ചത്. അർച്ചനയോട് പോയി ചാവടീ എന്നും ഈ വിവാഹം കഴിഞ്ഞ് വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കാമെന്നും യുവാവ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ യുവാവിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
അതേസമയം, സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു. മറ്റ് ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
Toll free helpline number: 1056)
إرسال تعليق