
ന്യൂഡൽഹി : ഇന്ത്യയുടെ സുവർണ്ണ ശരമായ റഫേൽ തൊടുക്കാൻ ആദ്യ വനിതാ പൈലറ്റിനെ തിരഞ്ഞെടുത്ത് വ്യോമസേന. ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗിനെയാണ് റഫേലിന്റെ ആദ്യ വനിതാ പൈലറ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം പൂർത്തിയക്കി ശിവാംഗി ഉടൻ 17 സ്ക്വാഡ്രൻ ഗോൾഡൻ ആരോസ് സംഘത്തിന്റെ ഭാഗമാകുമെന്നാണ് വിവരം.
റഫേൽ സൈനിക വിഭാഗത്തിലേക്ക് ആദ്യ വനിതാ പൈലറ്റിനെ നിയോഗിക്കാൻ വ്യോമസേന തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവാംഗിയെ പൈലറ്റായി തെരഞ്ഞെടുത്ത വാർത്തകൾ പുറത്ത് വന്നത്. റഫേലിന്റെ സൈനിക വിഭാഗത്തിന്റെ ഭാഗമാകാൻ വ്യോമസേനയിൽ നിന്നുള്ള മികച്ച യുദ്ധ പൈലറ്റുമാർ പരിശീലനം നേടുന്നുണ്ടായിരുന്നു. അവരെ പിന്തള്ളിയാണ് ശിവാംഗി അഭിമാന നേട്ടം സ്വന്തമാക്കിയത്.
2017 ലാണ് ശിവാംഗി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അന്ന് മുതൽ മിഗ്- 21 വിമാനങ്ങളാണ് ശിവാംഗി പറത്തിയിരുന്നത്. രാജസ്ഥാൻ അതിർത്തിയിലെ എയർബേസിൽ നിന്നാണ് ശിവാംഗി അംബാലയിൽ എത്തുന്നത്. വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനുൾപ്പെടെയുള്ള സമർത്ഥരായ വ്യോമസേന പൈലറ്റുമാർക്കൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങൾ പറത്തിയിട്ടുണ്ട്.
ബാല്യം മുതൽ തന്നെ വ്യോമസേനയിൽ അംഗമാകണമെന്ന ശിവാംഗിയുടെ ആഗ്രഹത്തിന് ഇതോടെ പൂർണ്ണത കൈവന്നിരിക്കുകയാണ്. വാരണാസിയിൽ സ്‌കൂൾ വിദ്യാഭ്യാസവും, ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശിവാംഗി 2016 ലാണ് പരിശീലന അക്കാമദിയിൽ ചേരുന്നത്. ഒരു വർഷക്കാലത്തെ കഠിന പരിശീലനം പൂർത്തിയാക്കി 2017 ൽ ശിവാംഗി വ്യോമസേനയുടെ പെൺകരുത്തായി മാറി.
إرسال تعليق