കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തില്‍: ആരോഗ്യമന്ത്രി

എറണാകുളം: 
കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച് ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നുവെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചുനിർത്താൻ കഴിഞ്ഞു. കൂടാതെ രോഗബാധിതരായവർക്ക് ചികിൽസ നൽകുന്നതിലും കേരളം മുന്നിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അതിവേഗത്തിൽ കോവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതോടെ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബ് മാതൃകാ ലാബായി മാറും. മാതൃകാപരമായ എഫ്.എൽ.ടി.സികളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്. പ്രായമുള്ളവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും പ്രത്യേക കരുതൽ നൽകണം. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിക്കണം. വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയർ പദ്ധതി ശക്തമാക്കണമെന്നും ജില്ലയിലെ കോളനികളിൽ കോവിഡ് പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് അതിവേഗത്തിൽ പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്ന ക്ലോസ്ഡ് പി സി ആർ സംവിധാനമായ സിബി നാറ്റ് മെഷീൻ സജ്ജമാക്കിയിരിക്കുന്നത്. ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ കോവിഡ് പരിശോധനാ ഫലം കൃത്യതയോടെ അറിയാൻ ഇതിലൂടെ കഴിയും.

Post a Comment

أحدث أقدم