എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ സാധാരണയിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ നാം ശ്രദ്ധിക്കണം.
സ്ത്രീകൾക്ക് സാധാരണ നീളമുള്ള മുടിയായതിനാൽ പെട്ടെന്ന് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ പുരുഷന്മാർക്ക് മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാണ് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്.
ഇനി നമ്മൾ മനസ്സിലാക്കേണ്ട അടുത്തകാര്യം എല്ലാ മുടികൊഴിച്ചിലും കഷണ്ടി അഥവാ common baldness ൽ എത്തുന്നില്ലെന്നതാണ്.
രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണയായി കാണപ്പെടുന്നത്.
1. തലയുടെ ചില ഭാഗത്തെ മുടി മാത്രം പൊഴിയുന്നPattern Alopecia
2. എല്ലാ ഭാഗത്ത് നിന്നും ഒരു പോലെ മുടി പൊഴിയുന്ന Diffuse Alopecia
ഏറ്റവും സാധാരണയായി കാണപ്പെടുന്ന Pattern Alopecia Androgenic Alopecia അഥവാ Common baldness ആണ്. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത് നമ്മുടെ അച്ഛന്റെയോ അമ്മയുടെയോ കുടുംബത്തിൽ കഷണ്ടയുണ്ടെങ്കിൽ നമുക്ക് അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
നിർദി്ഷ്ടമായ (specific) ചികിത്സാരീതിയാണ് AGA കുറയ്ക്കാനുള്ള ഉചിതമായ ഉപാധി. ഇതിന് വളരെയധികം ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾ മുതൽ PRP therapy, Dermaroller therapy, Hair transplantation അങ്ങനെ പലവിധചികിത്സാരീതികളുണ്ട്.
സാധാരണയായി കാണപ്പെടുന്ന ഒരു Diffuse alopecia ആണ് Telogen Effluvium. മുടി വളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്ത് നിന്നും ഒരുപോലെ കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണിത്. 3–4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന്റെ പിറകിൽ. അതായത് 3–4 മാസം മുമ്പ് വന്ന ഒരു പനി മതി ഇപ്പോൾ ശക്തമായ മുടി കൊഴിച്ചിൽ ഉണ്ടാകാൻ. സാധാരണ കാണുന്ന വൈറൽ പനി മുതൽ, ഡെങ്കു, ചിക്കെൻ പോക്സ്, Typhoid പനി വരെ ഇങ്ങനെ മുടികൊഴിച്ചിലുണ്ടാക്കാം. 3–4 മാസത്തിനു മുമ്പ് നടന്ന ഒരു അത്യാഹിതം (accident), വലിയ ശസ്ത്രക്രിയ, പ്രസവം എന്നിവ മൂലവും പിന്നീട് മുടികൊഴിച്ചിൽ വരാം.
അത്പോലെ മറ്റൊരു കാരണമാണ് മാനസികമായോ ശാരീരികമായോ ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, ആഹാര രീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ഡയറ്റ്, കുടുംബത്തിലെ പിരിമുറുക്കം, ട്രാൻസ്ഫർ, ഉറ്റവരുടെ മരണം തുടങ്ങി ഒട്ടനവധി സമ്മർദ്ദങ്ങൾ മുടികൊഴിയുന്നതിന് കാരണങ്ങളായേക്കാം. അസുഖങ്ങൾ കൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം.
ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും പ്രാധാനമായും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ ഏറ്റകുറച്ചിലുകൾ മുടികൊഴിച്ചിൽ കൂട്ടുന്നു, ഹോർമോൺ അടങ്ങിയ ഗർഭ നിരോധന ഗുളികകൾ കഴിച്ചുകൊണ്ടിരിക്കെ നിർത്തുമ്പോളും മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.
ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിലിന്റെ പ്രത്യേകത ധാരാളം മുടി കൊഴിയുന്നുണ്ടെങ്കിലും നെറ്റി കയറുകയോ ഉള്ള് കുറയുകയോ ചെയ്യുന്നില്ലെന്നുള്ളതാണ്. 3–6 മാസത്തിൽ മുടികൊഴിച്ചിൽ മാറുന്നുവെന്നതും സമാധാനമാണ്. പക്ഷേ മേൽ പറഞ്ഞ ഘടകങ്ങൾ നിലനിൽക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ തുടർന്നുകൊണ്ടേയിരിക്കാം. അവിടെയാണ് മുടികൊഴിച്ചിൽ എങ്ങനെ പ്രതിരോധിക്കാമെന്നത് പ്രസക്തമാകുന്നത്.
1. തൈറോയ്ഡും മറ്റ് ഹോർമോൺ വ്യതിയാനങ്ങൾ, പിസിഒഡി(PCOD) എന്നിവ കണ്ടുപിടിക്കുകയും അവയ്ക്ക് വേണ്ട ചികിത്സ തേടുകയും ചെയ്യുക
2. അയൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരത്തിലൂടെയും സപ്ലിമെന്റ്സിലും ഉൾപ്പെടുത്തി പരിഹരിക്കേണ്ടതാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണശീലം പിന്തുടരുന്നവർക്ക് വളരെ എളുപ്പത്തിൽ മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽ നിന്ന് ആവശ്യത്തിനുള്ള ഇവ ലഭ്യമാണ്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർ അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ നട്ട്സ്, സീഡ്സ്, ഗ്രീൻ പീസ്, മറ്റ് ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയവ എല്ലാം നല്ല രീതിയിൽ ഉൾപ്പെടുത്തി ആവശ്യത്തിന് ന്യൂട്രീഷ്യൻസ് നേടാൻ ശ്രദ്ധിക്കണം.
3. ആഹാരത്തിൽ പ്രോട്ടീന്റെ കുറവാണ് മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള മറ്റൊരു കാരണം. നമ്മൾ ഡയറ്റിങ് ചെയ്യുകയാണെങ്കിൽ പോലും ആഹാരത്തിൽ ദിവസവും 1200 കിലോ കാലറിയെങ്കിലും ഊർജ്ജം കഴിക്കാൻ ശ്രദ്ധിക്കണം. അതിൽ 0. 8g/kg ആണ് നമുക്ക് ആവശ്യമായി വരുന്ന പ്രോട്ടീൻ.
4. സമ്മർദ്ദം — സ്ട്രസ്സ് മൂലം നമുക്ക് ധാരാളം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക ശാരീരിക സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ഉപകരിക്കും. സ്ട്രസ്സ് ജീവിതത്തിനെ സാരമായി ബാധിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ അതിന് ആവശ്യമായ ചികിത്സ തേടാവുന്നതാണ്. യോഗ, ബ്രീതിങ് എക്സസൈസ്, ഏറോബിക് തുടങ്ങിയ ഫിസ്ക്കൽ എക്സസൈസുകൾ സ്ട്രസ്സ് കുറയ്ക്കാൻ സഹായിക്കും.
5. നമുക്കുള്ളത് മറ്റ് രോഗാവസ്ഥ കൊണ്ടുള്ള മുടി കൊഴിച്ചിൽ അല്ലെന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തുകയും വേണം.
✍️ഡോ. ശാലിനി
إرسال تعليق