ലൈഫ് പദ്ധതിയിൽ ഇല്ലെങ്കിലും വീട് വാസയോഗ്യമാക്കാൻ ഒരു ലക്ഷം രൂപയുടെ ധനസഹായം: ലൈഫ്‌ ഭവന പദ്ധതിയിൽ പുതിയ അപേക്ഷകരുടെ എട്ട്‌ ലക്ഷത്തിലധികം life new project

ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത 10000 പട്ടികജാതി കുടുംബത്തിന് വീട് വാസയോഗ്യമാക്കാൻ ധനസഹായം അനുവദിക്കും. ലൈഫ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടാത്തവരും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാൻ കഴിയാത്തവർക്കുമാണ് സഹായം. 135 കോടി രൂപയുടെ ഭരണാനുമതി നൽകി.

മുൻ ഭവനപദ്ധതികളിൽ മുഴുവൻ ധനസഹായവും കൈപ്പറ്റാത്ത കുടുംബങ്ങളെയാണ് ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ, അവസാനഗഡു കൈപ്പറ്റിയിട്ടും സാമ്പത്തിക പ്രയാസം കാരണം പൂർത്തിയാക്കാനാകാത്തതും കാലപ്പഴക്കംമൂലം വാസയോഗ്യമല്ലാതായതുമായ നിരവധി വീടുകളുണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റഫ് കോസ്റ്റ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ 1.50 ലക്ഷം രൂപവരെ ധനസഹായം നൽകുന്നത്.

8.32 ലക്ഷം അപേക്ഷകൂടി
സ്വന്തം വീടെന്ന സ്വപ്നം കണ്ട് ലൈഫ് ഭവന പദ്ധതിയിൽ പുതിയ അപേക്ഷകരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. 8,32,850 പുതിയ അപേക്ഷയാണ് ലഭിച്ചത്. ഇതിൽ 5,80,650 പേർ ഭൂമിയുള്ള ഭവനരഹിതരും 2,52,200 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. 1,58,643 പേർ പട്ടികജാതി വിഭാഗവും 22,466 പേർ പട്ടികവർഗ വിഭാഗവുമാണ്.

ലൈഫ് മിഷനിൽ മൂന്നു ഘട്ടത്തിലായി നാല് ലക്ഷത്തോളം വീടാണ് നിർമിക്കുന്നത്. നിലവിൽ 2,29,917 വീട് നിർമിച്ചു. അപേക്ഷകൾ പരിശോധിച്ച് ഗ്രാമസഭകളുടെ അംഗീകാരത്തോടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇവ തദ്ദേശഭരണ യോഗവും ഗ്രാമസഭയും ചേർന്ന് പരിശോധിക്കും. അപ്പീലിനുള്ള അവസരവുമുണ്ട്. തുടർന്നാകും അന്തിമ പട്ടിക തയ്യാറാക്കുക.


Post a Comment

أحدث أقدم