ദേശീയ നേതൃത്വത്തിൽ നിന്നും നിരന്തര അവഗണന : ആർഎസ്‌എസിന്‌ കടുത്ത അമർഷം ; തദ്ദേശഭരണ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്നും വിട്ടുനിന്നേക്കും rss kerala bjp

തൃശൂർ:
ബിജെപി ദേശീയ നേതൃത്വത്തിൽനിന്നും നേരിടുന്ന നിരന്തര അവഗണനയിൽ കേരളത്തിലെ ആർഎസ്എസിൽ കടുത്ത അമർഷം. കുമ്മനം രാജശേഖരനെ ദേശീയ ഭാരവാഹിപട്ടികയിൽ ഉൾപ്പെടുത്താത്തതാണ് ഒടുവിൽ നേരിട്ട അവഗണന. നിരന്തരം നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നും മാറി നിൽക്കാനും ആർഎസ്എസ് ആലോചിക്കുന്നുണ്ട്.

നേതാക്കൾക്കിടയിലെ ഭിന്നത മുതലെടുത്താണ് വി മുരളീധരപക്ഷം കേരളത്തിലെ ആർഎസ്എസിനെതിരെ കഴിഞ്ഞ കുറെകാലമായി മേൽക്കൈ നേടുന്നത്. ആർഎസ്എസ് കേന്ദ്രീയ കാര്യകാരി എസ് സേതുമാധവൻ മറ്റ് കേന്ദ്ര നേതാക്കളായ ജെ നന്ദകുമാർ, എ ഗോപാലകൃഷ്ണൻ എന്നിവർ ഒരു വശത്തും സംസ്ഥാന പ്രാന്തകാര്യവാഹക് പി ഗോപാലൻകുട്ടി, പ്രാന്തപ്രചാരക് പി ആർ ശശിധരൻ, മുൻ പ്രാന്തപ്രചാരക് എം രാധാകൃഷ്ണൻ മറുവശത്തുമായുള്ള പോരാണ് ആർഎഎസ്എസിൽ വർഷങ്ങളായി നടക്കുന്നത്. ഇതിൽ സേതുമാധവൻ വിഭാഗത്തെയും സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെയും ഉപയോഗിച്ചാണ് വി മുരളീധരൻ കരുക്കൾ നീക്കുന്നത്. ഭിന്നത വിശ്വഹിന്ദുപരിഷത്ത് ഉൾപ്പെടെയുള്ള സംഘ്പരിവാറിലെ മറ്റ് സംഘടനകളിലേക്കും പടർന്നിട്ടുണ്ട്.

നേതൃത്വത്തിന്റെ അവഗണന കേരള ആർഎസ്എസ്- ബിജെപി കേന്ദ്രനേതൃത്വത്തെ നിരവധി തവണ അറിയിച്ചിട്ടും പ്രയോജനമൊന്നുമുണ്ടായില്ല. എ പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഭാരവാഹിയാകാനുള്ള യോഗ്യത സംബന്ധിച്ച് ദേശീയ പ്രസിഡന്റിനേ അറിയുകയുള്ളൂവെന്ന കുമ്മനത്തിന്റെ പ്രതികരണം ഈ പ്രതിഷേധത്തിന്റെ ഭാഗമാണ്.

വി മുരളീധരൻ സംസ്ഥാന പ്രസിഡന്റായ സമയത്താണ് ആർഎസ്എസ്–-ബിജെപി ഭിന്നത ശക്തമായത്. എന്നാൽ, കൃഷ്ണദാസ്പക്ഷത്തെ കൂട്ടുപിടിച്ച് മുരളീധരനോട് നിസ്സഹകരണം പ്രകടിപ്പിക്കുകയാണ് ആർഎസ്എസ് അന്ന് ചെയ്തത്. മുരളീധരൻ ഒഴിഞ്ഞ് കുമ്മനം പ്രസിഡന്റായതോടെ ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ആർഎസ്എസ് കൈപ്പിടിയിലൊതുക്കി. എന്നാൽ, മുരളീധരൻ ഇടപെട്ട് കുമ്മനത്തെ മിസോറാം ഗവർണറാക്കി വിട്ടതോടെ ആർഎസ്എസിന്റെ പിടി അയഞ്ഞു. തുടർന്ന് ഓരോ ഘട്ടത്തിൽ എടുക്കുന്ന തീരുമാനവും ആർഎസ്എസിന് എതിരായി.

ശ്രീധരൻപിള്ള ഗവർണറായി പോയപ്പോൾ എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവർക്കു വേണ്ടി ആർഎസ്എസ് കടുത്ത സമ്മർദം ചെലുത്തെിയെങ്കിലും നടന്നില്ല. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്രം ഭാരവാഹിപട്ടികയിൽനിന്നുകൂടി അദ്ദേഹത്തെ തഴഞ്ഞു.

Post a Comment

أحدث أقدم