കാമുകിയെ കാണാൻ തൃശ്ശൂരിൽ നിന്ന് സമ്മാനങ്ങളുമായി കാസർഗോഡെത്തി:യുവതിയുടെ മുഖം കണ്ടതോടെ കത്തിയെടുത്തു

ഉദുമ: 'യുവതിയായ' കാമുകിയെ കാണാൻ തൃശ്ശൂരിൽനിന്ന് സമ്മാനങ്ങളുമായി ബേക്കൽ കോട്ടയുടെ സമീപത്തെത്തിയ കാമുകനും സുഹൃത്തും കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ കത്തി വീശി. വിവരമറിഞ്ഞെത്തിയ ബേക്കൽ പോലീസ് കാമുകൻ കൊണ്ടുവന്ന വിശേഷപ്പെട്ട സമ്മാനങ്ങൾ പിടിച്ചെടുത്തശേഷം പകർച്ചവ്യാധിനിയന്ത്രണ നിയമമനുസരിച്ച് കേസെടുത്ത് താക്കീതും നൽകി വിട്ടയച്ചു. 
ഇരുപതുകാരിയെന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ സ്ത്രീയും തൃശ്ശൂരിലെ യുവാവും സാമൂഹികമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലേക്ക് വളർന്നതോടെ കുമ്പളക്കാരി യുവാവിൽനിന്ന് പലപ്പോഴായി പണം കൈപ്പറ്റി. ഇതിനിടയിൽ യുവാവിന് കാമുകിയെ നേരിൽ കാണാൻ കൊതിയായി. അങ്ങനെയാണ് യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽനിന്ന് കാസർകോട്ടേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടത്. ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്ന മുൻ ധാരണ പ്രകാരം കുമ്പളക്കാരിയും എത്തി. പർദയണിഞ്ഞെത്തിയ കാമുകിയുടെ മുഖം കാണണമെന്ന ആശ കാമുകന്റെ പ്രതീക്ഷ തകർത്തു. 50 കഴിഞ്ഞ് പല്ലുകൾ കൊഴിഞ്ഞ് അമ്മയാകാൻ പ്രായമുള്ള സ്ത്രീ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു. ഇതേ ചൊല്ലിയുള്ള വാക്തർക്കത്തിനിടയിൽ യുവാവ് കത്തി വീശി. 
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ബേക്കൽ എസ്.ഐ. പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. സ്ത്രീക്ക് പരാതി ഇല്ലാത്തതിനാൽ യുവാക്കളുടെ പേരിൽ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയച്ചു. സ്ത്രീയെ വനിതാ പോലീസിനെ കൂട്ടി വീട്ടിലേക്കുമയച്ചു

Post a Comment

أحدث أقدم