തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപ്; വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഉടൻ



തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 15നു മുൻപു നടന്നേക്കും. തെരഞ്ഞെടുപ്പ് ഡിസംബറിന് അപ്പുറത്തേക്കു നീണ്ടാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാൽ ഇതിനുള്ള ഒരുക്കങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണ് എന്ന വിലയിരുത്തൽ ഉണ്ട്.

എന്നാൽ ആശങ്കകൾ ഉണ്ടെങ്കിലും ഏറെ നാളത്തേക്കു തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ഉചിതമല്ലെന്നാണ് കമ്മിഷന്റെയും സർക്കാരിന്റെയും നിലപാട്. വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഉടൻ ആരംഭിക്കും. ആകെ വേണ്ട 45,000 യന്ത്രങ്ങളിൽ 8000 യന്ത്രങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നു കടം വാങ്ങും.

തദ്ദേശ സ്ഥാപന ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കും. തുടർന്ന് ഒരു മാസത്തിലേറെ ഇവ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലായിരിക്കും. ജനുവരിയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക പുതുക്കൽ ആരംഭിക്കണം. അധികം ഇടവേളയില്ലാതെ രണ്ട് തിരഞ്ഞെടുപ്പു വരുമെന്നതും രണ്ടിനുമായി ഏറെ നാൾ പെരുമാറ്റച്ചട്ടം ഉണ്ടാകുമെന്നതും ഭരണസ്തംഭനത്തിന് ഇടയാക്കും. ഇക്കാരണങ്ങളാലാണ്‌ ഡിസംബർ പകുതിയോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുന്നത്.

Post a Comment

أحدث أقدم