16 ഇനം പച്ചക്കറികൾക്ക് ഓരോ വിളയുടെയും ഉത്‌പാദനച്ചെലവിനൊപ്പം 20 ശതമാനം അധികം ചേർത്ത് സംസ്ഥാന സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചു

സംസ്ഥാനത്തു ഉത്‌പാദിപ്പിക്കുന്ന 16 ഇനം പച്ചക്കറികൾക്ക് സംസ്ഥാന സർക്കാർ അടിസ്ഥാനവില നിശ്ചയിച്ചു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ഇത് നടപ്പിൽ വരും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാരിന്റെ കാർഷിക മേഖലയിലെ പുതിയ പരിഷ്കാരങ്ങൾക്കെതിരേ രാജ്യമൊട്ടാകെ കർഷക പ്രതിഷേധങ്ങൾ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറിവിളകൾക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കർഷകർക്ക് കൈത്താങ്ങാവുകയാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർഷകർക്ക് കൂടുതൽ പിന്തുണ നൽകാനും അതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര പച്ചക്കറി ഉത്‌പാദനം വർധിപ്പിക്കാനുമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

കൃഷി ഉത്‌പന്നത്തിൻറെ ഗുണനിലവാരം ഉറപ്പുവരുത്തി ഗ്രേഡ് നിശ്ചയിക്കാനും കാലാകാലങ്ങളിൽ തറവില പുതുക്കി നിശ്ചയിക്കാനും ഉള്ള വ്യവസ്ഥകൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയിൽ സംഭരണവിതരണ സംവിധാനങ്ങൾ ഏകോപിക്കുന്നത്. ഈ ഘട്ടത്തിൽ കൃഷിയിലേക്ക്‌ വരുന്ന പുതിയ കർഷകർക്കും പരമ്പരാഗത കർഷകർക്കും തൊഴിലുമായി മുന്നോട്ടു പോകാനുള്ള കരുത്തും ധൈര്യവും നൽകുന്നതായിരിക്കും ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി. തൃശ്ശൂരിൽ ചീഫ് വിപ്പ് കെ. രാജനും പങ്കെടുത്തു. ഒാൺലൈനിലൂടെ എം.പി.മാരും എം.എൽ.എ.മാരും മന്ത്രിമാരും ആശംസകൾ നേർന്നു.

മരച്ചീനി-12, നേന്ത്രക്കായ-30, വയനാടൻ നേന്ത്രൻ-24, കൈതച്ചക്ക-15, കുമ്പളങ്ങ-9, വെള്ളരി-8, പാവയ്ക്ക-30, പടവലങ്ങ-16, വള്ളിപ്പയർ-34, തക്കാളി-8, വെണ്ട-20, കാബേജ്-11, കാരറ്റ്-21, ഉരുളക്കിഴങ്ങ്-20, ബീൻസ്-28, ബീറ്റ്റൂട്ട്-21, വെളുത്തുള്ളി-139.

ഓരോ വിളയുടെയും ഉത്‌പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതിൽ അധികമായി ചേർത്തിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടായാൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകൻറെ അക്കൗണ്ടിലേക്ക് നൽകും.

Post a Comment

أحدث أقدم