ഭൂമിയിലെന്ന പോലെ ബഹിരാകാശത്തും മനുഷ്യർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിച്ചാലോ. ചന്ദ്രനിൽ നിന്ന് സെൽഫി എടുക്കാനും അവിടെ നിന്ന് ഭൂമിയിലെ സുഹൃത്തുകളോടും ബന്ധുക്കളോടും വീഡിയോ ചാറ്റ് ചെയ്താലോ? അതിനുള്ള വഴി തേടുകയാണ് ശാസ്ത്ര സാങ്കേതിക ലോകം. അതെ, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളായ നോക്കിയയും ചന്ദ്രനിൽ 4ജി നെറ്റ് വർക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ്. ചന്ദ്രനിലേക്ക് വേണ്ട നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് നോക്കിയയുടെ ഗവേഷണ വിഭാഗമായ ബെൽ ലാബ്സ് പങ്കാളിയാകുമെന്നാണ് നാസയുടെ പ്രഖ്യാപനം. ചന്ദ്രനിൽ ആദ്യ വയർലെസ് നെറ്റ് വർക്ക് സ്ഥാപിക്കുന്നതിലും 4ജി/എൽടിഇ സാങ്കേതിക വിദ്യകൾ വിന്യസിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി 1.41 കോടി ഡോളറാണ് നാസ അനുവദിച്ചത്. ബഹിരാകാശത്ത് 4ജി എൽടിഇ നെറ്റ് വർക്ക് സ്്ഥാപിക്കുകയാണ് നോക്കിയയുടെ ഉദ്യമം.ഈ സംവിധാനത്തിന് ഉയർന്ന വേഗതയിൽ, കൂടുതൽ ദൂരത്തേക്ക് ചന്ദ്രനിൽ നിന്നും ആശയവിനിമയം നടത്താൻ സാധിക്കും. ട്വിറ്ററിലൂടെയാണ് ബെൽ ലാബ്സ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിൽ ആദ്യ വയർലെസ് നെറ്റ് വർക്ക് നിർമിച്ച് വിന്യസിക്കാനും 4ജി/എൽടിഇ സാങ്കേതിക വിദ്യകൾ ആരംഭിക്കുന്നതിനും 5ജി വികസിപ്പിക്കുന്നതിനുമായി തങ്ങളുടെ നൂതന കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തുമെന്ന് ബെൽ ലാബ്സ് പറഞ്ഞു. ലൂണാർ റോവറുകളുടെ നിയന്ത്രണം, ചന്ദ്രോപരിതലത്തിൽ തത്സമയ ഗതിനിർണയം, ഉയർന്ന നിലവാരമുള്ള വീഡിയോകളുടെ സ്ട്രീമിങ് ഉൾപ്പടെയുള്ള വിവിധ ഡാറ്റാ കൈമാറ്റ ആവശ്യങ്ങൾക്ക് ഈ നെറ്റ് വർക്ക് പ്രയോജനപ്പെടുത്താനാവും. ഉയർന്ന താപനില, റേഡിയേഷൻ, ശൂന്യാകാശ സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനായി എൽടിഇ നെറ്റ് വർക്ക് പ്രത്യേകം രൂപകൽപന ചെയ്തിട്ടുണ്ടെന്നും ബെൽ ലാബ്സ് പറഞ്ഞു. വിക്ഷേപണത്തിനും ലാന്റിങിനുമിടിയിൽ ഉണ്ടാകുന്ന ശക്തമായ കമ്പനങ്ങളെ പ്രതിരോധിക്കാനും ഇതിനാവും. ഈ പദ്ധതി ഈ ദൗത്യം തങ്ങളുടെ മറ്റ് പ്രവർത്തനങ്ങളുടെ ഭാവിയെയും ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതയെയും സാധൂകരിക്കുമെന്നും അവർ പറയുന്നു. ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പുവരുത്തി ഒരു ഗവേഷണ ആസ്ഥാനം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം ഇതിനായി സ്വകാര്യ കമ്പനികളെ കൂടി സാങ്കേതിക പിന്തുണയ്ക്കായി പങ്കാളികളാക്കാനും നാസ ശ്രമിക്കുന്നു. കോടികളാണ് ഭാവി ചാന്ദ്ര ഗവേഷണ പദ്ധതികൾക്കായി നാസ ചിലവിടുന്നത്.
إرسال تعليق