കൊല്ലം ഓടാനാവട്ടം വാപ്പാലയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്.
യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പോസ്്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശയുടെ അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
പോലീസ് പറയുന്നത്: ദിവസവും മദ്യപിച്ചെത്തി അരുണ്‍ വഴക്കുണ്ടാക്കാറുണ്ട്. ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. ചികിത്സയിലിരിക്കെ മരിച്ചു.
യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. മക്കളായ ഒന്‍പത് വയസ്സുള്ള അല്‍ബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ഡിവൈ.എസ്.പി. നസീറിന്റെ നേതൃത്വത്തില്‍ പൂയപ്പള്ളി ഇന്‍സ്‌പെക്ടര്‍ വിനോദ് ചന്ദ്രന്‍, എസ്.ഐ.മാരായ രാജന്‍ബാബു, രതീഷ് കുമാര്‍, എ.എസ്.ഐ.മാരായ ഉദയകുമാര്‍, അനില്‍കുമാര്‍, വിജയകുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ജുമൈല എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
إرسال تعليق