തിരുവനന്തപുരം: സൈബർ ആക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് കൂടി നിയന്ത്രണം ഏർപ്പെടുത്തി കേരള സർക്കാർകൊണ്ടുവന്ന പോലീസ് ആക്ട് നിയമ ഭേദഗതിക്കെതിരെ പ്രശാന്ത് ഭൂഷൺ. നിയമഭേദഗതി ക്രൂരതയാണെന്നും എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യുമെന്നും അദ്ദേഹം വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
‘കുറ്റകരമായി കരുതപ്പെടുന്ന സമൂഹ മാദ്ധ്യമ പോസ്റ്റുകൾക്ക് ജയിൽ ശിക്ഷ നൽകുന്ന ഓർഡിനൻസിലൂടെ കേരള പോലീസ് ആക്ടിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് ക്രൂരതയാണ്. എതിരഭിപ്രായങ്ങളെ നിശബ്ദമാക്കാനായി ഇത് ദുരുപയോഗം ചെയ്യപ്പെടും. ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66(എ)ക്ക് സമാനമാണിത്’ പ്രശാന്ത് ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണം തടയാൻ സംസ്ഥാന സർക്കാർ പോലീസ് ആക്ടിൽ നിയമ ഭേദഗതി വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്ത വന്നാൽ അഞ്ചു വർഷം വരെ തടവോ 10,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ചുമത്താം. പുതിയ ഭേദഗതി പ്രകാരം സൈബർ അധിക്ഷേപത്തിൽ വാറന്റില്ലാതെ പോലീസിന് അറസ്റ്റ് ചെയ്യാം.
إرسال تعليق