ദമാം | അല്‍ഖോബാര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന യു സി എല്‍ ഫുട്‌ബോള്‍ മേളക്ക് വ്യാഴാഴ്ച്ച ദഹ്‌റാന്‍ ദോഹ സ്റ്റേഡിയത്തില്‍ തുടക്കമാവും.ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്‌സി പ്രകാശനം ഖോബാര്‍ വെല്‍കം റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ ഉദിനൂര്‍, സത്താര്‍ മക്കരപ്പറമ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, നൗഷാദ് അലനല്ലൂര്‍, ശരീഫ് മാണൂര്‍, റഷീദ് മാനമാരി, റഹീം അലനല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ക്ലബിന്റെ കളിക്കാരെ അമിഗോസ്, അവഞ്ചേഴ്സ്, പ്രോസ്, സബോട്ടേജ് എന്നീ പേരുകളില്‍ നാലു ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. മേളയുടെ കിക്കോഫ് വ്യാഴാഴ്ച്ച രാത്രി പത്ത് മണിക്ക് അജ്യാല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ കോച്ച് മംദൂഹ് സാലിഹ് ബസാരിഹ് (അല്‍ ഹിലാല്‍ ക്ലബ്) നിര്‍വ്വഹിക്കും.
കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും പ്രവാസി കാല്‍പന്ത് കളി മേഖലയെ തിരിച്ച് കൊണ്ട് വരുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ആശി നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി നിബ്രാസ് ശിഹാബ്, കണ്‍വീനര്‍ ജംഷീര്‍ കാര്‍ത്തിക എന്നിവര്‍ പറഞ്ഞു. കൊവിഡ് നിയമാവലി പൂര്‍ണ്ണമായും പാലിക്കുന്നതിന്റെ ഭാഗമായി കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും , മത്സരം ക്ലബിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവായി ലഭ്യമാകുമെന്നും സംഘാടകര്‍ അറിയിച്ചു
إرسال تعليق