ബംബോലിം (ഗോവ) | ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിത്തുടക്കം. എ ടി കെ മോഹന്‍ ബഗാനാണ് ഒരു ഗോളിന് മഞ്ഞപ്പടയെ പരാജയപ്പെടുത്തിയത്. റോയ് കൃഷ്ണയുടെ വകയായിരുന്നു എ ടി കെയുടെ ഗോള്‍. എ ടി കെയെക്കാള്‍ മികച്ച കളി കാഴ്ചവച്ചിട്ടും ലക്ഷ്യം കാണാന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിയാതെ പോവുകയായിരുന്നു.
33 ാം മിനുട്ടില്‍ എ ടി കെയുടെ റോയ് കൃഷ്ണക്കും കുറച്ചു സമയത്തിനു ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഋത്വിക് ദാസിനും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും വലയിലേക്ക് കണക്ട് ചെയ്യുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. 65 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്സിന്റെ സത്യസെന്‍ സിങിന് ലഭിച്ച അവസരവും പാഴായി.
67-ാം മിനുട്ടിലാണ് എ ടി കെയുടെ ഗോള്‍ പിറന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലുണ്ടായ വീഴ്ച മുതലെടുത്താണ് റോയ് കൃഷ്ണ ഗോള്‍ നേടിയത്. ബോക്‌സിലേക്കു വന്ന പന്ത് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള സിഡോയുടെ ശ്രമം വിഫലമായി. ബോക്‌സിനു പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന റോയ് കൃഷ്ണയുടെ കാലിലേക്കാണ് പന്തെത്തിയത്. മുന്നോട്ടു കയറിയുള്ള റോയിയുടെ ഷോട്ട് വലയില്‍ പതിച്ചു.
إرسال تعليق