ഭക്ഷ്യക്കിറ്റ് വിതരണം: ജലീലിനെതിരായ ഹരജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം |  യു എ ഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ വിതരണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ആരോപണങ്ങള്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമെന്നും അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍ വരുന്നതല്ലെന്നും വാദം കേള്‍ക്കവെ വിജിലന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ഭക്ഷ്യകിറ്റ് വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ നടന്ന വാദം കേള്‍ക്കലിലാണ് ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. പരാതിക്കാരന്‍ ഹരജി നല്‍കിയിരിക്കുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും ആരോപണങ്ങളൊന്നും തന്നെ അഴിമതി നിരോധന വകുപ്പിന്റെ കീഴില്‍ വരുന്നതല്ലെന്നുമാണ് വിജിലന്‍സിന് വേണ്ടി വാദിച്ച പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്.

Post a Comment

أحدث أقدم