കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ചേലിയയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. തുവ്വക്കോട് നടുക്കണ്ടിയില്‍ ജാനകിയാണ് (63) പരിക്കേറ്റ് ചികിത്സയിലുള്ളത്.
ബന്ധുവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡിലേക്ക് ഓടിയെത്തിയ പന്നി പരാക്രമം കാട്ടിയത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കുത്തി വീഴ്ത്തിയ പന്നി, റോഡിലേക്ക് വീണ ജാനകിയുടെ ദേഹത്ത് ചവിട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം, കോഴിക്കോട് കൂരാച്ചുണ്ടിൽ വീട്ടിൽ കയറിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നിരുന്നു. വനം വകുപ്പിൻ്റെ അനുമതിയോടെ നാട്ടുകാരനാണ് വെടിവെച്ചത്. ഇതേ മേഖലയിൽ സമീപകാലത്ത് വഴിയാത്രക്കാർക്കുൾപ്പെടെ കാട്ടുപന്നി ആക്രമണം നേരിടേണ്ടി വന്നിരുന്നു. അപകടകാരികളായ കാട്ടുപന്നികളില്‍ നിന്ന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജനവാസ മേഖലകളിലിറക്കുന്ന അപകടകാരികളായ പന്നികളെ വെടിവയ്ക്കാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും ഒട്ടേറെ പ്രായോഗിക തടസങ്ങളുണ്ടെന്നാണ് പരാതി.
إرسال تعليق