സംസ്ഥാനത്ത് സ്‌കൂളുകൾ ജനുവരിയിൽ തുറക്കുമെന്ന് സൂചന. പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നിർണായക തീരുമാനം സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 17 ന് ഉന്നത തല യോഗം വിളിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ സ്‌കൂളുകൾ ഭാഗികമായി തുറന്നു പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ആദ്യവാരംതന്നെ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കും. ഒൻപതു വരെയുള്ള ക്ലാസുകളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. പ്ലസ് വൺ ക്ലാസിൻറെ കാര്യത്തിലും അതോടൊപ്പം ആയിരിക്കും തീരുമാനം .
പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ലാബ്, പ്രൊജക്ട് വർക്ക് എന്നിവ പൂർത്തിയിക്കാനും റിവിഷൻ നടത്താനുമാണ് ക്ലാസുകൾ തുറക്കുന്നത്. മറ്റു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷ നടത്തേണ്ട ആവശ്യമില്ല എന്നാണ് ഇതുവരെയുള്ള തീരുമാനം. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ അറിയിച്ചു.
ഇത് സംബന്ധിച്ച് വിവിധ മാനേജ്‌മെന്റ് അസോസിയേഷനുകളുമായി സർക്കാർ ചർച്ച നടത്തും. ഇവരുടെ അഭിപ്രായം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം സ്വീകരിക്കുക.
إرسال تعليق