ചര്‍ച്ച വീണ്ടും വിഫലം, ചര്‍ച്ചയ്ക്കിടെ 'യെസ്/നോ' പ്ലക്കാര്‍ഡുകളുയര്‍ത്തി കര്‍ഷകരുടെ പ്രതിഷേധം: ബുധനാഴ്ച വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രവുമായുള്ള അഞ്ചാം ഘട്ട ചര്‍ച്ച വീണ്ടും വിഫലം. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്ന കര്‍ഷകര്‍ മറ്റ് ഒത്ത്തീര്‍പ്പ് വ്യവസ്ഥകളൊന്നും അംഗീകരിക്കാതെ നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്നതില്‍ മറുപടിക്കായി 'യെസ/നോ' പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ചര്‍ച്ചയ്ക്കിടെ പ്രതിഷേധിച്ചു. ചര്‍ച്ച വീണ്ടും പരാജയപ്പെട്ടതോടെ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടക്കും.

കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ച നാല് മണിക്കൂറോളം നീണ്ടു. അര്‍ത്ഥശൂന്യമായ ചര്‍ച്ചകള്‍ എന്ന് വിളിച്ച് പുറത്തുപോകുമെന്നും ചര്‍ച്ചയ്ക്കിടെ കര്‍ഷകര്‍ ഭീഷണി മുഴക്കിയിരുന്നു.

കേന്ദ്രം ഒരു കരട് തയാറാക്കി തങ്ങള്‍ക്ക് തരും, സംസ്ഥാനങ്ങളുമായും കൂടിയാലോചിക്കണമെന്നും കേന്ദ്രം വ്യക്തമാക്കിയതായി കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഭാരത് ബന്ദ് പ്രഖ്യാപിച്ചതുപോലെ തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് വ്യക്തമാക്കി.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിലുറച്ച് കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്ന കേന്ദ്രത്തിന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളിയ കര്‍ഷക നേതാക്കള്‍, ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്നും ഭീഷണിമുഴക്കി.

പുതിയ കാര്‍ഷിക നിയമങ്ങളിലെ വിവാദപരമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാമെന്നായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാല്‍ ഈ നിര്‍ദേശം 40 കര്‍ഷക യൂണിയനുകളുടെ പ്രതിനിധികളും നിരസിച്ചു. അതിനിടെ അഞ്ചാം വട്ട ചര്‍ച്ചയിലും കര്‍ഷക നേതാക്കള്‍ സ്വയം കൊണ്ടുവന്ന ഭക്ഷണമാണ് കഴിച്ചത്. ഡിസംബര്‍ മൂന്നിന് നടന്ന നാലാം റൗണ്ട് ചര്‍ച്ചയിലും കേന്ദ്രത്തിന്റെ ഉച്ചഭക്ഷണം കര്‍ഷക നേതാക്കള്‍ നിരസിച്ചിരുന്നു.

അതേസമയം കര്‍ഷകര്‍ ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഭാരത ബന്ദിന് 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടൈ സംയുക്ത സമിതിയും പിന്തുണയുമായി രംഗത്തെത്തി. അടുത്തിടെ പാസാക്കിയ ലേബര്‍ കോഡുകള്‍ക്കും കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകള്‍ നവംബര്‍ 26 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു.

Post a Comment

أحدث أقدم