മുക്ക്പണ്ടം പണയംവെച്ച് ഒന്നരക്കോടിയിലേറെ തട്ടിയെടുത്തു; വയനാട് സ്വദേശിനി കോഴിക്കോട് അറസ്റ്റില്‍

കോഴിക്കോട് | കോഴിക്കോട്ടെ ദേശസാല്‍കൃത ബേങ്കില്‍ അഞ്ചരക്കിലോയിലധികം മുക്കുപണ്ടം പണയം വെച്ച് ഒന്നര കോടിയിലേറെ തട്ടിയെടുത്ത വയനാട് സ്വദേശിനി അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശി ബിന്ദുവിനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് തട്ടിപ്പ് നടത്തിയത്. ബേങ്കിനോട് ചേര്‍ന്ന് ബിന്ദുവിന്റെ ബ്യൂട്ടി പാര്‍ലര്‍ , തുണിക്കട, ഹോസ്റ്റല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പില്‍ ബിന്ദുവിന് ബേങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചതായി സംശയമുണ്ട്.

ബേങ്കിലെ ഓഡിറ്റിംഗില്‍ തോന്നിയ സംശയത്തില്‍ നിന്നാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. 9 അക്കൗണ്ടുകളിലായി 44 ഇടപാട് നടത്തിയാണ് ഒരുകോടി 69 ലക്ഷം രൂപക്ക് മുക്കുപണ്ടം പണയം വച്ചത്. ബിസിനസുകളുമായി ബന്ധപ്പെട്ട് ബേങ്കുമായി ഉണ്ടാക്കിയ നല്ല ബന്ധം മുതലെടുത്താണ് വന്‍ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ കഴിഞ്ഞമാസം വരെ അഞ്ചരകിലോ വ്യാജസ്വര്‍ണ്ണമാണ് പണയം വച്ചത്. സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അക്കൗണ്ടുകളും ബിന്ദു ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

ബിന്ദുവിന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടം കണ്ടെത്തി. ബിന്ദുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.

Post a Comment

أحدث أقدم