പ്രയാഗ്‌രാജ് | അധികൃതരുടെ നിരുത്തരവാദ സമീപനത്താല്‍ യുവാവിന് ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തന്നെ തുടരേണ്ടി വന്നത് എട്ട് മാസത്തോളം. ജാമ്യ ഉത്തരവില്‍ പേരിലെ ഒരു ഭാഗം വിട്ടുപോയതിനെ തുടര്‍ന്നാണ് യുവാവിനെ വിട്ടയക്കാതെ ജയില്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വിനോദ് കുമാര്‍ ബറുവാര്‍ എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്.
യുവാവിനെ അന്യായമായി തടവില്‍ പാര്‍പ്പിച്ചതിന് സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ അലഹാബാദ് ഹൈക്കോടതി ശാസിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ജാമ്യ ഉത്തരവില്‍ പേരിലെ കുമാര്‍ വിട്ടുപോയിരുന്നു. വിനോദ് ബറുവാര്‍ എന്ന് മാത്രമാണുണ്ടായിരുന്നത്. ഇക്കാരണത്താല്‍ ജയില്‍ അധികൃതര്‍ യുവാവിനെ എട്ടുമാസം കൂടി തടവില്‍ പാര്‍പ്പിച്ചു. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുവാവ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2020 ഏപ്രില്‍ ഒമ്പതിന് യുവാവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
എന്നാല്‍ പേരിലെ കുമാര്‍ എന്ന ഭാഗം ജാമ്യ ഉത്തരവില്‍ വിട്ടുപോയെന്ന കാരണത്താല്‍ അധികൃതര്‍ ജയില്‍ മോചനം നിഷേധിച്ചു. പേരിലെ തിരുത്ത് ആവശ്യപ്പെട്ട് യുവാവ് വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയുന്നത്. നിസാരമായ സാങ്കേതിക പിഴവുകൊണ്ട് ഇത്രയും ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചു
إرسال تعليق