കടങ്ങൾ ബാക്കിയായി; ഷാഹിന തനിച്ചും

കാഞ്ഞങ്ങാട് > നിറവയറുമായി അവൾ കാത്തിരിക്കുകയായിരുന്നു, ഇനിയൊരിക്കലും അവൻ വരില്ലെന്നറിയാതെ... ചെറുചലനങ്ങളുമായി അവളിലുണരുന്ന കുരുന്നുജീവന് കാതോർത്തിരിക്കെയാണ് നെഞ്ചിലേറ്റ കുത്തിനാൽ ഔഫിന്റെ ജീവൻ പിടഞ്ഞുതീർന്നത്. ഗർഭിണിയായ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകാൻ, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകർത്ത് അവർ കഠാര കുത്തിക്കയറ്റിയത്. ഹൃദയമില്ലാത്ത, ലീഗ് ക്രൂരതയിൽ നാട് വിറങ്ങലിച്ചു.

പഴയകടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെയും നിത്യരോഗിയായ ആയിഷയുടെയും മകനാണ് ഔഫ്. ഉപ്പ ഉപേക്ഷിച്ചതോടെ നാടൻപണിയെടുത്ത് കുടുംബംപോറ്റിയ ചെറുപ്പക്കാരൻ നാട്ടിലെല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു. കുറച്ചുകാലം ഗൾഫിലും ജോലിനോക്കി, പള്ളി കമ്മിറ്റിയുടെ സഹായത്താൽ നിർമിച്ച ചെറിയ വീട്ടിലായിരുന്നു താമസം. ഷാഹിനയെ ജീവിതസഖിയാക്കിയിട്ട് ഏറെകാലമായില്ല. ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫിന്റെ ഇടപെടലിലൂടെ നിരവധി ലീഗുപ്രവർത്തകർ ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ഔഫേ, നീ സൂക്ഷിക്കണം എന്ന് ചില ലീഗുകാർതന്നെ സൂചിപ്പിച്ചിരുന്നു. എന്നാലും ഇത്രക്രൂരത അവർപോലും പ്രതീക്ഷിച്ചില്ല.

Post a Comment

أحدث أقدم