മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന് സമാപനം; നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം ചോരാതെ പ്രവര്‍ത്തകര്‍

കോഴിക്കോട് | സംസ്ഥാനത്ത് അവസാനഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം. എക്കാലത്തും കടുത്ത രാഷ്ട്രീയ മത്സരം നടക്കുന്ന മലബാറിലെ ജില്ലകളായ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകും. ഒരു മാസം നീണ്ടുനിന്ന, ഏറെ വാശിയേറിയ പ്രചാരണത്തിനാണ് വൈകിട്ട് അഞ്ചോടെ സമാപനമായത്. ചില ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പൊതുവെ സമാധാന പരമായിരുന്നു കൊട്ടിക്കലാശം. കൊവിഡ് സാഹചര്യവും സംഘര്‍ഷ സാധ്യതയും മുന്‍നിര്‍ത്തി കോഴിക്കോട്, മലപ്പുറം ജില്ലയില്‍ കൊട്ടിക്കലാശത്തിന് ജില്ലാ കലക്ടര്‍മാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ചിലയിടത്ത് ഇതെല്ലാം കാറ്റില്‍ പറത്തുന്ന നടപടികളാമ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായത്.

പ്രവര്‍ത്തകരുടെ ആവേശത്തില്‍ കോഴിക്കോട് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് കുറ്റിച്ചിറയില്‍ എല്‍ ഡി എഫ്- യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു കൊവിഡ് പ്രോട്ടോകോളും പാലിക്കാതെ ഇരുവിഭാഗവും പരസ്പരം സംഘടിച്ചെത്തി കലാശപ്പോരിനിടെ ഏറ്റമുട്ടുകയായിരുന്നു. പോലീസും മുതിര്‍ന്ന നേതാക്കളും ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കുറ്റിച്ചിറയിലെ സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ഡ് തലങ്ങള്‍ കേന്ദ്രീകരിച്ചാണ് പലയിടത്തും കൊട്ടിക്കലാശം നടന്നത്. നാല് ജില്ലകളിലും ഉച്ചയോടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുമായി റോഡുകള്‍ കൈയടക്കുകയായിരുന്നു.

സഖ്യം വ്യക്തമാക്കി മുക്കം നഗരസഭയിലെ ആറ് വാര്‍ഡുകളില്‍ യു ഡി എഫും ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയും കൊട്ടിക്കലാശത്തോട് അനുബന്ധിച്ച് സംയുക്ത റാലി നടത്തി. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ വലിയ കൂട്ടമായി എത്തി റാലിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിവിധ ജില്ലകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടെന്ന് മുസ്ലിംലീഗും മുന്നണി കണ്‍വീനര്‍ എം എം ഹസ്സനും ആവര്‍ത്തിക്കുന്നു. അതേസമയം, ഇതിനെ നിഷേധിക്കുന്ന നിലപാടില്‍ മറ്റ് യുഡിഎഫ് നേതാക്കള്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനെല്ലാമിടയിലാണ് ഒറ്റക്കെട്ടായുള്ള കൊട്ടിക്കലാശത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

Post a Comment

أحدث أقدم