നീലേശ്വരം | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട അതേ വികാരവും ആവേശവും വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴും ദൃശ്യമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫ് ചരിത്ര വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് നീലേശ്വരം നഗരസഭാ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലേശ്വരം നഗരസഭ ഇക്കുറി യു ഡി എഫ് പിടിക്കുമെന്നാണ് ജനസംസാരം. നീലേശ്വരത്തെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്നാല്‍ ഇതല്ല ഇതിലപ്പുറവും സാധിക്കും. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് ആയ തനിക്കറിയാം. തീവ്രവാദ സംഘടനകളുമായും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും സഹകരിക്കില്ല. നാട് അനുഭവിക്കുന്ന പ്രയാസത്തില്‍ നിന്നു മോചനമുണ്ടാകണം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ വിധിയെഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് നാടിനെ ശ്വാസം മുട്ടിക്കുകയാണ് ഇരു സര്‍ക്കാറുകളും. ഇന്ധന വിലയൊക്കെ തോന്നിയ പോലെയാണ്. ആരെങ്കിലും ചോദിച്ചാലും മറുപടി പറയാത്ത സര്‍ക്കാറാണ് കേന്ദ്രത്തില്‍. ബി ജെ പിക്കെതിരായ ജനവികാരം രാജ്യത്ത് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താഴുകയാണ് നാലര വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق