തിരുവനന്തപുരം: കാരക്കോണത്ത് 51 വയസുള്ള സ്ത്രീ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 28കാരനായ ഭർത്താവ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെയാണ് കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയുടെ മരണം. ഭർത്താവ് അരുൺ പോലീസ് കസ്റ്റഡിയിലാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് അരുൺ.
പുലർച്ചെ അരുൺ ശാഖാകുമാരിയേയും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുകയായിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അരുൺ അറിയിച്ചത്. എന്നാൽ ആശുപത്രിയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ വിലയിരുത്തി.
ഇതേ തുടർന്ന് മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. പിന്നീട് പോലീസെത്തി അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിക്കുന്നുണ്ട്.
അരുണിനെ പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഫോറൻസിക് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തതക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.
രണ്ടു മാസം മുമ്പാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്. സ്ത്രീയുടെ സ്വത്ത് മോഹിച്ചാണ് അരുൺ വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതെന്ന സംശയം ശാഖാ കുമാരിയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു
إرسال تعليق